കണ്ണൂരിന്റെ കാപ്പിയുടെ പെരുമ ലോകത്തെ അറിയിക്കാൻ ഒരുങ്ങുകയാണ് യൂണി കോഫിയിലൂടെ കണ്ണൂർ സർവ്വകലാശാലയിലെ എം ബി എ വിദ്യാർത്ഥികൾ. ‘എന്റെ കേരളം’ എക്‌സിബിഷനിൽ കണ്ണൂർ സർവ്വകലാശാല ടെക്നോളജി ആൻഡ് ബിസിനസ് ഇൻകുബേഷൻ സെന്റർ വിപണനം ചെയ്യുന്ന കാപ്പിപ്പൊടി വാങ്ങാം. ഫുഡ് കോർട്ടിൽ ചെന്നാൽ കാപ്പിയും കുടിക്കാം.
സർവ്വകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ കാപ്പികുടി ശീലത്തിൽ തുടങ്ങിയതാണ് ഇങ്ങനെയൊരു ആശയം. അദ്ദേഹത്തിന്റെ ഡൽഹിയിൽ അധ്യാപന കാലയളവിൽ ഉപയോഗിച്ചിരുന്നത് ഏറ്റവും ഗുണമേന്മയുള്ള കാപ്പിപ്പൊടിയായിരുന്നു. ശേഷം കണ്ണൂരിലെത്തി ആ ശീലത്തെ പിന്തുടർന്നപ്പോൾ എന്തുകൊണ്ട് കണ്ണൂരിലും ഗുണമേന്മയുള്ള കാപ്പിപ്പൊടി കുറഞ്ഞ നിരക്കിൽ ചെയ്തുകൂടാ എന്ന ചിന്തയിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് ‘യൂണികോഫി’. വയനാട്ടിലെയും ആലക്കോടിലെയും കാപ്പി കർഷകരിൽ നിന്നും നേരിട്ട് കാപ്പിക്കുരു ശേഖരിച്ച് പൊടിച്ചുണ്ടാക്കിയാണ് വിപണിയിലേക്ക് എത്തിക്കുന്നത്. 100 ഗ്രാമിന്റെ പാക്കറ്റിന് 120 രൂപയ്ക്കാണ് ‘ഡബിൾ എ’ ഗുണ നിലവാരമുള്ള യൂണി കോഫി വിൽക്കുന്നത്.
ഇതിനോടകം തന്നെ പ്രദർശന മേളയിലും ഫുഡ് കോർട്ടിലും ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ് യൂണി കോഫി. ഫുഡ് കോർട്ടിൽ വിൽപന കൂടാതെ തത്സമയ പ്രദർശനവും യൂണിവേഴ്സിറ്റി തയ്യാറാക്കിയിട്ടുണ്ട്.  തുടക്കം മുതൽ തന്നെ വിജയകരമായി മുന്നേറുന്ന ഈ ആശയം കൂടുതൽ പേരിലേക്കെത്തിക്കാനും സംരംഭകർ തീരുമാനിച്ചിട്ടുണ്ട്.