ലൈഫ് പദ്ധതിയിലൂടെ പൂർത്തീകരിച്ച വീടിൻ്റെ താക്കോൽദാനവും ആറ് വീടുകളുടെ നിർമ്മാണോദ്ഘാടനവും നടത്തി
ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിലെ വെട്ടിക്കൽ കോളനിക്ക് പഞ്ചായത്തിന്റെ വിഷുക്കൈനീട്ടം. വീടില്ലാതെ ദുരിതം അനുഭവിക്കുന്ന ആറ് കുടുംബങ്ങൾക്കാണ് വിഷുദിനത്തിൽ വീട് ഒരുങ്ങുന്നത്. കൂടാതെ പണി പൂർത്തിയാക്കിയ വീടിൻ്റെ താക്കോലും കൈ നീട്ടമായി നൽകി. പദ്ധതിയുടെ നിർമ്മാണോദ്ഘാടനവും താക്കോൽ കൈമാറ്റവും പഞ്ചായത്ത് പ്രസിഡൻ്റ് എം ആർ രാജേഷ് നിർവഹിച്ചു.
തലചായ്ക്കാൻ കെട്ടുറപ്പുള്ള വീടില്ലാതെ ദുരിതം അനുഭവിക്കുന്ന വെട്ടിക്കൽ കോളനിയിലെ ആറ് കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാരിൻ്റെ ലൈഫ് ഭവന പദ്ധതിയിലൂടെയാണ് വീടൊരുങ്ങുന്നത്. കോളനിയിലെ താമസക്കാരായ തങ്കച്ചൻ , തങ്കമണി വേലപ്പൻ , ലീല ചിദംബരൻ , മോനായി ചാക്കോ , കുഞ്ഞുമോൾ , സുഭദ്ര തങ്കപ്പൻ എന്നിവരുടെ ഏറെ നാളത്തെ സ്വപ്നമാണ് വിഷുദിനത്തിൽ പൂർണ്ണമാകുന്നത്. കൂടാതെ കോളനിയിലെ നിർമ്മാണം പൂർത്തിയായ ജയ വർഗ്ഗീസിന്റെ വീടിന്റെ താക്കോൽ ദാനവും നടത്തി.
വെട്ടിക്കൽ കോളനിയിൽ വച്ച് നടന്ന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പുഷ്പ പ്രദീപ്, വികസന സ്റ്റാന്റിഗ് കമ്മറ്റി ചെയർമാൻ കെ.കെ സിജു, ക്ഷേമകാര്യ സ്റ്റാന്റിംഗ് ചെയർ പേഴ്സൺ ലത ഭാസി , ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ രജനി മനോഷ്, പഞ്ചായത്ത് അംഗങ്ങളായ പി വി പൗലോസ്, പ്രകാശൻ ശ്രീധരൻ , ലൈജു ജനകൻ, ലേഖ പ്രകാശൻ, സിഡിഎസ് അംഗം രമ ഷാജൻ എന്നിവർ സംസാരിച്ചു.