പെൻഷൻ മസ്റ്ററിങ് ചെയ്യാനും ആധാറുമായി ബന്ധപ്പെട്ട സേവനങ്ങൾക്കും നീണ്ട ക്യൂ നിന്ന് വലയേണ്ട. എന്റെ കേരളം പവലിയനിൽ കേരള സ്‌റ്റേറ്റ് ഐടി മിഷന്റെ അക്ഷയ കേന്ദ്രം സ്റ്റാളിലെത്തിയാൽ ഈ സേവനങ്ങൾ സൗജന്യമായി ചെയ്യാം. പൊതുജനങ്ങൾ ഇപ്പോൾ പ്രധാനമായും അക്ഷയ കേന്ദ്രങ്ങളെ ആശ്രയിക്കുന്ന രണ്ട് കാര്യങ്ങളാണ് പെൻഷൻ മസ്റ്ററിങ്ങും ആധാർ എൻറോൾമെന്റും പുതുക്കലും. ഇവ രണ്ടുമാണ് സ്റ്റാളിൽ ഇപ്പോൾ നൽകുന്ന സേവനങ്ങൾ. മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്യാനുള്ള സൗകര്യവും സ്റ്റാളിൽ ലഭ്യമാണ്. അക്ഷയ കേന്ദ്രങ്ങളിലെ മറ്റു സേവനങ്ങളെ പറ്റിയുള്ള വിവരങ്ങളും നിർദ്ദേശങ്ങളും ഇവിടെ നിന്നും ലഭിക്കും.

10 വർഷം മുന്നേ എടുത്ത ആധാറിന്റെ ഡോക്യുമെന്റ്, ബയോമെട്രിക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനുള്ള നിർദ്ദേശം വന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് അതിനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. പേര്, ജനനത്തീയതി, മേൽവിലാസം അടക്കമുള്ള ഡോക്യുമെന്റ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനുള്ള സംവിധാനം ഇവിടെയുണ്ട്. വിരലടയാളം, കൃഷ്ണമണി എന്നീ ബയോമെട്രിക് വിവരങ്ങളും അപ്ഡേറ്റ് ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്. അപ്ഡേറ്റ് ചെയ്യൽ നിർബന്ധമല്ലെങ്കിലും വർഷങ്ങൾ കഴിയുമ്പോൾ ബയോമെട്രിക് വിവരങ്ങളിലുണ്ടാവുന്ന മാറ്റങ്ങൾ  വെരിഫിക്കേഷനിൽ പ്രശ്ങ്ങൾ ഉണ്ടാക്കും അതിനെ പറ്റി അവബോധം സൃഷ്ടിക്കുകയാണ് അധികൃതരുടെ ലക്ഷ്യം. സേവനങ്ങൾ സൗജന്യമായതിനാൽ നിരവധിയാളുകളാണ് ഇവിടെ എത്തുന്നത്. പ്രായമായവരും കുട്ടികളും ഒരുപോലെ സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്.