മാലിപ്പുറം കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റർ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയതിൻ്റെ ഉദ്ഘാടനം നാളെ വൈകുന്നേരം നാലിനു ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവ്വഹിക്കും. കെ.എൻ ഉണ്ണികൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എംപി മുഖ്യാതിഥിയാകും.
37.5 ലക്ഷം (37,50,000രൂപ) രൂപ വിനിയോഗിച്ചാണ് മികച്ച സംവിധാനങ്ങളോടെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ കുടുംബാരോഗ്യ കേന്ദ്രമായി വികസിപ്പിച്ചതെന്ന് കെ.എൻ ഉണ്ണികൃഷ്ണൻ പറഞ്ഞു. ഹിന്ദുസ്ഥാൻ ലാറ്റക്‌സ് ലിമിറ്റഡ് പദ്ധതി നിർവ്വഹണം നടത്തി. ചികിത്സാരംഗത്ത് കൂടുതൽ സൗകര്യങ്ങൾക്ക് ആശുപത്രി വികസനം വഴിയൊരുക്കും.
കുടുംബാരോഗ്യ കേന്ദ്രമാകുന്നതോടെ വൈകിട്ട് ആറുവരെ മാലിപ്പുറം ആശുപത്രിയിൽ ഒ.പി സൗകര്യം ലഭ്യമാകും. നിലവിലിത് രണ്ടു മണിവരെ മാത്രമാണ്. ആസ്‌ത്‌മ രോഗികൾക്കായുള്ള പ്രത്യേക ക്ലിനിക്ക്, മാനസികാരോഗ്യ വിഭാഗം, പ്രീ ചെക്കിംഗ് ഏരിയ തുടങ്ങി വിവിധ സംവിധാനങ്ങൾ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഉണ്ടാകും. ഡോക്‌ടർമാരുടെയും ജീവനക്കാരുടെ എണ്ണം വർധിക്കും.
ഉദ്ഘാടന സമ്മേളനത്തിൽ ജില്ല മെഡിക്കൽ ഓഫീസർ ഡോ: എസ് ശ്രീദേവി റിപ്പോർട്ട് അവതരിപ്പിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ മാനുവൽ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രസികല പ്രിയരാജ്, ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ കെ.ജി ഡോണോമാസ്റ്റർ, മാലിപ്പുറം മെഡിക്കൽ ഓഫീസർ ഡോ: സൈന മേരി, മറ്റു ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, വകുപ്പ് അധികൃതർ, രാഷ്രീയ കക്ഷി പ്രതിനിധികൾ പങ്കെടുക്കും.