കബനി നദി പുനരുജീവനം പദ്ധതിയുടെ ഭാഗമായുളള മാപ്പത്തോണ്‍ പ്രവര്‍ത്തനങ്ങള്‍ മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ ആരംഭിച്ചു. മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ വിജയന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജിസ്ര മുനീര്‍ അധ്യക്ഷത വഹിച്ചു. നവകേരളം കര്‍മപദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ ഇ. സുരേഷ് ബാബു ക്യാമ്പയിന്‍ വിശദീകരിച്ചു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ജലജ സജി, വാര്‍ഡ് മെമ്പര്‍മാരായ ജോസ് നെല്ലയിടം, കെ.കെ ചന്ദ്രബാബു തുടങ്ങിയവര്‍ സംസാരിച്ചു. തൊഴിലുറപ്പ് അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, പ്രദേശവാസികള്‍, നവകേരളം കര്‍മപദ്ധതി ആര്‍.പി മാര്‍,പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മാപ്പിംഗ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച ജില്ലയിലെ പത്താമത്തെ പഞ്ചായത്താണ് മുളളന്‍കൊല്ലി. ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ നവകേരളം കര്‍മ്മ പദ്ധതി റിസോഴ്‌സ് പേഴ്‌സണ്‍മാരടങ്ങിയ സംഘമാണ് മാപ്പിംഗില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. സര്‍വ്വേ നടപടികള്‍ക്കായി ഐ.ടി മിഷന്റെ സാങ്കേതിക സഹായവുമുണ്ട്.
ഡിജിറ്റല്‍ മാപ്പത്തോണിലൂടെ 2 മീറ്റര്‍ സ്പഷ്ടതയുള്ള ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ നിര്‍മ്മിക്കുന്ന ഡിജിറ്റല്‍ ഭൂപടങ്ങള്‍ ഉപയോഗിച്ച് ജനങ്ങള്‍ക്ക് പ്രദേശത്തെ ജല സ്രോതസ്സുകളുടെ ചെറിയ സവിശേഷതകള്‍ പോലും കൃത്യമായി മനസ്സിലാക്കാന്‍ കഴിയും. മാപ്പിംഗിലൂടെ ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകള്‍ പഠിച്ച് കൃത്യമായ ആസൂത്രണവും പദ്ധതി നിര്‍വ്വഹണവും നടത്താം. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് ഒരു പ്രദേശത്തെ വിഭവങ്ങളും സവിശേഷതകളും ഡിജിറ്റല്‍ ഭൂപടമായ ഓപ്പണ്‍ സ്ട്രീറ്റ് മാപ്പില്‍ രേഖപ്പെടുത്താനും കഴിയുമെന്നതും സവിശേഷതയാണ്