നവകേരളം പദ്ധതിയിലൂടെ പരമ ദരിദ്രർ ഇല്ലാത്ത നാടായി കേരളത്തെ മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ 50 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഉദ്ഘാടനം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ച് നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊഴുവനാൽ പഞ്ചായത്തിലെ കൊഴുവനാൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനവും മുഖ്യ മന്ത്രി ഓൺലൈനായി നിർവഹിച്ചു.
പുതിയ 50 കുടുംബാരോഗ്യ കേന്ദ്രങ്ങൾ കൂടി ആരംഭിക്കുന്നതോടെ സംസ്ഥാനത്ത് 630 കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് യാഥാർത്ഥ്യമാകുന്നത്.

ആരോഗ്യ – വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ്ജ് ചടങ്ങിൽ അധ്യക്ഷയായിരുന്നു. ആർദ്രം മിഷന്റെ ഭാഗമായി സംസ്ഥാന സർക്കാരും ദേശീയ ആരോഗ്യ മിഷനും അനുവദിച്ച 15 ലക്ഷം രൂപയും കൊഴുവനാൽ ഗ്രാമപഞ്ചായത്തിൽ നിന്നുള്ള 36.5 ലക്ഷം രൂപയും ഉപയോഗിച്ചാണ് ഒരു നിലയുള്ള പുതിയ കെട്ടിടം പണിതിരിക്കുന്നത്. മാണി സി കാപ്പൻ എം.എൽ.എ, ബ്ലോക്ക് പഞ്ചായത്തംഗം ജെസി ജോർജ്ജ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ആലീസ് ജോയി, ആനീസ് കുര്യൻ, മഞ്ജു ദിലീപ്, അഡ്വ.ജി അനീഷ്, കെ.ആർ. ഗോപി, പി.സി.ജോസഫ്, ലീലാമ്മ ബിജു, മെഡിക്കൽ ഓഫീസർ ഡോ. ടി. ദിവ്യ ജോർജ്ജ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സണ്ണി അഗസ്റ്റിൻ നായ്പുരയിടം, കെ.ബി അജേഷ്, പി.എസ്. സുരേഷ്‌കുമാർ , കൊഴുവനാൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സാജൻ മണിയങ്ങാട്ട് എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.