*സംസ്ഥാനത്ത് ആദ്യമായി ന്യൂറോ കാത്ത്ലാബ്, സമഗ്ര സ്ട്രോക്ക് യൂണിറ്റ്
*ലിനാക്, ബേൺസ് ഐസിയു, ഇന്റർവെൻഷണൽ പൾമണോളജി യൂണിറ്റ്, എംഎൽടി ബ്ലോക്ക്
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി 52.6 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഏപ്രിൽ 19ന് വൈകുന്നേരം 4 മണിക്ക് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിക്കും.
സംസ്ഥാനത്ത് ആദ്യമായി ന്യൂറോ കാത്ത് ലാബും, സ്ട്രോക്ക് ഐസിയുവും സിടി ആൻജിയോഗ്രാം ഉൾപ്പെടെയുള്ള സമഗ്ര സ്ട്രോക്ക് യൂണിറ്റാണ് യാഥാർത്ഥ്യമായത്. മെഡിക്കൽ കോളേജിൽ ആദ്യമായി ലിനാക്, ഇന്റർവെൻഷണൽ പൾമണോളജി യൂണിറ്റ്, ബേൺസ് ഐസിയു, എംഎൽടി ബ്ലോക്കിന്റെ നിർമ്മാണം എന്നിവയുടെ ഉദ്ഘാടനവും ഉണ്ടാകും. മെഡിക്കൽ കോളേജിൽ ആവിഷ്‌ക്കരിച്ച് വിജയകരമായി നടപ്പിലാക്കിയ ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇനിഷ്യേറ്റീവ് മറ്റ് മെഡിക്കൽ കോളേജുകൾക്കും മാതൃകയാകുകയാണ്. മാസ്റ്റർപ്ലാനിന്റെ ഭാഗമായി 717 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് മെഡിക്കൽ കോളേജിൽ നടന്നു വരുന്നത്. ആദ്യഘട്ടത്തിലെ റോഡും പാലവും നിർമ്മാണം പൂർത്തിയാക്കി രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ആരംഭമാണ് എംഎൽടി ബ്ലോക്ക്. ഈ പുതിയ സംരംഭങ്ങൾ യാഥാർത്ഥ്യമാകുന്നതോടെ മെഡിക്കൽ കോളേജിൽ വലിയ മാറ്റം ഉണ്ടാകുമെന്നും മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു.
- സമഗ്ര സ്ട്രോക്ക് യൂണിറ്റ്:14.03 കോടി രൂപ
ന്യൂറോളജി വിഭാഗത്തിന് കീഴിലാണ് പക്ഷാഘാത ചികിത്സയ്ക്ക് അത്യാധുനിക സംവിധാനത്തോടുളള സമഗ്ര സ്ട്രോക്ക് യൂണിറ്റ് പ്രവർത്ത സജ്ജമായിരിക്കുന്നത്. സർക്കാർ തലത്തിൽ സി.ടി. ആൻജിയോഗ്രാം കാത്ത് ലാബ് ഉൾപ്പടെയുളള സമഗ്ര സ്ട്രോക്ക് യൂണിറ്റ് പ്രഥമ സംരഭമാണ്.
സ്ട്രോക്ക് ഐസിയു :- പക്ഷാഘാത ചികിത്സക്കായി ആധുനിക സംവിധാനത്തോടെയുള്ള 14 കിടക്കകളുള്ള സ്ട്രോക് ഐ.സി.യു 0.97 കോടി രൂപ ചെലവിൽ സജ്ജമാക്കി. കൂടാതെ സ്റ്റെപ്പ്ഡൗൺ & ഹൈ കെയർ കിടക്കകളും സജ്ജമാക്കിയിട്ടുണ്ട്.
സി.ടി. ആൻജിയോഗ്രാം :- മസ്തിഷ്‌ക രോഗങ്ങളെക്കുറിച്ചും മസ്തിഷ്‌ക സിരാ ധമനികളുടെ ഘടനയും വിശകലനം ചെയ്തു പഠിക്കുന്നതിനും അതിലൂടെ രോഗികൾക്ക് കൃത്യതയാർന്ന രോഗനിർണയം സാധ്യമാക്കുന്നതിനായി 4.4 കോടി രൂപ ചെലവിൽ സി.ടി ആൻജിയോഗ്രാം മെഷീൻ പ്രവർത്തനസജ്ജമാക്കി.
ന്യൂറോ കാത്ത്ലാബ് :- മസ്തിഷ്‌കത്തിലെ രക്തക്കുഴലുകളിൽ ഉണ്ടാകുന്ന തടസങ്ങൾ ഉൾപ്പെടെ രോഗനിർണയം നടത്തി ചികിത്സ നൽകുവാനുതകുന്ന ലോകോത്തര സംവിധാനമായ ന്യൂറോ കാത്ലാബ് 5.15 കോടി രൂപ ചെലവിലാണ് സജ്ജമാക്കിയിട്ടുള്ളത്. സർക്കാർ മേഖലയിലെ ആദ്യ സംരംഭമാണിത്.
- ലിനാക്ക്:18 കോടി രൂപ
കാൻസർ ചികിത്സയ്ക്കുപയോഗിക്കുന്ന ആധുനിക സംവിധാനമാണ് ലിനാക്. കൃത്യമായ ഡോസിൽ വളരെ സൂക്ഷ്മമായി രോഗിക്ക് റേഡിയേഷൻ നൽകുന്ന ഈ സംവിധാനം 18 കോടി രൂപ ചെലവിൽ ഒ.പി കെട്ടിടത്തിന് സമീപത്തായി പുതുതായി നിർമ്മിച്ച കെട്ടിടത്തിൽ റേഡിയോ തെറാപ്പി വിഭാഗത്തിന് കീഴിൽ സജ്ജമാക്കിയിട്ടുണ്ട്. വളരെ കൃത്യതയോടെ അർബുദബാധിത കോശങ്ങൾക്ക് മാത്രം റേഡിയേഷൻ നൽകുവാൻ ഇതിലൂടെ സാധ്യമാകും.
- ബേൺസ് ഐ.സി.യു.& സ്‌കിൻ ബാങ്ക്: 3.465 കോടി രൂപ
പൊള്ളലേറ്റവർക്ക് അത്യാധുനിക ചികിത്സയ്ക്കായാണ് പ്ലാസ്റ്റിക് സർജറി വിഭാഗത്തിന് കീഴിൽ 9 കിടക്കകളുള്ള ബേൺസ് ഐസിയു സജ്ജമാക്കിയിരിക്കുന്നത്.
- ഇന്റർവെൻഷണൽ പൾമണോളജി യൂണിറ്റ്:1.10 കോടി രൂപ
പൾമണറി മെഡിസിൻ വിഭാഗത്തിന് കീഴിലാണ് എന്റോബ്രോങ്കിയൽ അൾട്രാസൗണ്ട് (ഇ.ബി.യു.എസ്) സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. പ്രധാന ശ്വാസനാളത്തിൽ നിന്നും വളരെ അകലെ സ്ഥിതിചെയ്യുന്ന സങ്കീർണമായ മുഴകൾ കണ്ട് പിടിക്കുവാനും ചികിത്സാർത്ഥം ബയോപ്സി എടുക്കുവാനും ഈ ഉപകരണം വളരെ സഹായകരമാണ്.
- എം.എൽ.റ്റി.ബ്ലോക്ക് നിർമ്മാണോദ്ഘാടനം:16 കോടി രൂപ
മാസ്റ്റർ പ്ലാനിന്റെ ഭാഗമായി പാരാമെഡിക്കൽ സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി 6 നിലകളുള്ള 43,800 ചതുരശ്രയടി വിസ്തീർണമുളള കെട്ടിടമാണ് നിർമ്മിക്കുന്നത്. വിവിധ ഡിപ്പാർട്ട്മെന്റുകളുടെ ലാബുകൾ, ലക്ച്ചർ ഹാളുകൾ, ലൈബ്രറി, കോൺഫറൻസ് ഹാൾ & കമ്പ്യൂട്ടർ ലാബ്, റിസർച്ച് സൗകര്യങ്ങൾക്ക് മാത്രമായി പ്രത്യേകം നില എന്നീ സൗകര്യങ്ങളുണ്ടാകും.