സംസ്ഥാനത്ത് അപൂർവ രോഗങ്ങൾക്കുള്ള മരുന്ന് ലഭ്യമാക്കാൻ പ്രത്യേക ഫണ്ട് രൂപീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ശൂരനാട് സാമൂഹികാരോഗ്യ കേന്ദ്രത്തെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ആർദ്രം മിഷനിലൂടെ സർക്കാർ ലക്ഷ്യമിടുന്നത് രോഗീസൗഹൃദവും ജനസൗഹൃദവുമായ ആശുപത്രികളാണ്. ഇതിന്റെ ഭാഗമായാണ് സംസ്ഥാനത്തെ മുഴുവൻ സാമൂഹികാരോഗ്യ കേന്ദ്രങ്ങളെയും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നത്.
രോഗിയുടെ പൂർണ വിവരങ്ങൾ കുടുംബ ആരോഗ്യ കേന്ദ്രങ്ങളിൽ ലഭ്യമാകുന്നത് തുടർ ചികിത്സ എളുപ്പമാക്കും.
ആശുപത്രികളിൽ പൂർണമായും ഓൺലൈൻ സേവനം നടപ്പാക്കും. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പി ജി പഠനം ആരംഭിക്കാൻ കഴിഞ്ഞത് നേട്ടമാണെന്നും മന്ത്രി അറിയിച്ചു.
ഓച്ചിറ സാമൂഹികാരോഗ്യ കേന്ദ്രം ബ്ലോക്ക് കുടുംബ ആരോഗ്യ കേന്ദ്രമാക്കി ഉയർത്തുന്നതിന്റെ ഉദ്ഘാടനവും ഓൺലൈനായി മന്ത്രി നിർവഹിച്ചു.സി ആർ മഹേഷ് എം.എൽ.എ അധ്യക്ഷനായി.
സംസ്ഥാന സർക്കാരിന്റെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി, ഏകാരോഗ്യം എന്ന ലക്ഷ്യത്തോടെയാണ് സമൂഹികാരോഗ്യ കേന്ദ്രങ്ങളെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയത്. സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് 37.5 ലക്ഷം വീതം ചെലവഴിച്ചാണ് രണ്ടിടത്തും പദ്ധതി നടപ്പാക്കിയത് .
കോവൂർ കുഞ്ഞുമോൻ എം.എൽ.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഗോപൻ, ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ശ്രീകുമാർ, വൈസ് പ്രസിഡന്റ് പി ഗീതാകുമാരി, ജില്ലാ പഞ്ചായത്ത് അംഗം പി ശ്യാമളയമ്മ, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസർ ഷാഫി, സ്ഥിരം സമിതി അധ്യക്ഷരായ കെ സനിൽകുമാർ, എൻ പങ്കജാക്ഷൻ, എസ് ഷീജ, ശൂരനാട് തെക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. കെ ശ്രീജ, കാപ്പക്‌സ് ചെയർമാൻ എം ശിവശങ്കരപിള്ള,
ഡെപ്യൂട്ടി ഡിഎംഒ ഡോ.സാജൻ മാത്യു, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.ദേവ് കിരൺ, മെഡിക്കൽ ഓഫിസർ ഡോ.എം.കെ വിമല എന്നിവർ പങ്കെടുത്തു.
ആരോഗ്യ വകുപ്പിൽ ജില്ലയിലെ മികച്ച സൂപ്രണ്ട്, മികച്ച പി.ആർ.ഒ അവാർഡ് ജേതാക്കളായ ഡോ.ഡി.വസന്തദാസ്, ആർ.അരുൺകൃഷ്ണൻ എന്നിവരെ ആദരിച്ചു.