47 സ്വപ്ന ഭവനങ്ങളുടെ താക്കോല്‍ ദാനം മന്ത്രി നിര്‍വഹിച്ചു
സമൂഹത്തിന്റെ താഴെതട്ടിലുള്ള ആദിവാസി വിഭാഗമടങ്ങുന്ന ജനതയെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് പട്ടികജാതി, പട്ടികവര്‍ഗ്ഗ, ദേവസ്വം, പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. ഭൂരഹിത കുടുംബങ്ങള്‍ക്കായി പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ലാന്റ് ബാങ്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാലിയാണയിലും നിട്ടമാനിയിലും നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വീടുകളുടെ താക്കോല്‍ ദാനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കോളനി എന്ന പേര് കാലക്രമേണ നമുക്ക് മാറ്റാന്‍ സാധിക്കണമെന്നും പാലിയാണയിലെ ഭൂമിക്ക് ‘ഉന്നതി ഗ്രാമമെന്നും’ നിട്ടമാനിയിലെ ഭൂമിക്ക് ‘ഭൂമിക’ എന്നും പേര് നല്‍കിയത് പുതിയ തുടക്കമാണെന്നും മന്ത്രി പറഞ്ഞു.
1997 മുതല്‍ നടപ്പിലാക്കിയ അധികാര വികേന്ദ്രീകരണത്തിന് താഴെ തട്ടിലുള്ള ജനജീവിതത്തില്‍ മാറ്റം കൊണ്ടു വരാന്‍ സാധിച്ചു. ആദിവാസി സമൂഹത്തിനായുള്ള വികസന പദ്ധതികളുടെ രൂപീകരണത്തില്‍ ആദിവാസികളുടെ പങ്കാളിത്തം ഉറപ്പാക്കണം, ആദിവാസി വിഭാഗങ്ങളുടെ ഭവന നിര്‍മ്മാണത്തില്‍ പഞ്ചായത്തുകളില്‍ നിയമിച്ചിട്ടുള്ള അക്രഡിറ്റഡ് എഞ്ചിനീയര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. വരുന്ന അധ്യയനവര്‍ഷം മുഴുവന്‍ ആദിവാസി കുട്ടികളെയും വിദ്യാലയങ്ങളില്‍ എത്തിക്കാനുള്ള ശ്രമം നടത്തണം. ഏവിയേഷന്‍ പോലെയുള്ള കോഴ്സുകളിലേക്ക് ആദിവാസി വിഭാഗത്തിലെ വിദ്യാര്‍ഥികളില്‍ നിന്നുള്ള പങ്കാളിത്തം ഉറപ്പാക്കണം. വയനാട് പോലെയുള്ള ജില്ലകളില്‍ ആദിവാസി വിഭാഗത്തിന്റെ വികസനത്തിന് പ്രാധാന്യം നല്‍കുമെന്നും മന്ത്രി പറഞ്ഞു. ആദിവാസികള്‍ക്ക് ആധികാരിക രേഖകള്‍ ഉറപ്പാക്കുന്ന എ.ബി.സി.ഡി പദ്ധതി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പൂര്‍ത്തീകരിക്കും. എല്ലാ ആദിവാസി മേഖലകളിലും ഇന്റര്‍നെറ്റ് കണക്ടിവിറ്റി സാധ്യമാക്കും. 283 ആദിവാസി മേഖലകളില്‍കൂടി കണക്ടിവിറ്റി സാധ്യമാക്കിയാല്‍ എല്ലാ ആദിവാസി മേഖലകളിലും ഇന്റര്‍നെറ്റ് കണക്ടിവിറ്റി സാധ്യമാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി പറഞ്ഞു.
ലാന്റ് ബാങ്ക് പദ്ധതിയിലൂടെ വിലയ്ക്ക് വാങ്ങിയ പൊരുന്നന്നൂര്‍ വില്ലേജിലെ പാലിയാണയില്‍ 4.57 ഏക്കര്‍ സ്ഥലത്താണ് 38 വീടുകളുടെയും നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. പയ്യമ്പള്ളി നിട്ടമാനിയില്‍ 1.20 ഏക്കര്‍ സ്ഥലത്താണ് ഒൻപത് വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഓരോ കുടുംബത്തിനും പത്ത് സെന്റ് സ്ഥലം വീതം പ്ലോട്ടുകളായി തിരിച്ച് നല്‍കി ആറ് ലക്ഷം രൂപ വീതം ചെലവിട്ടാണ് വീടുകള്‍ നിര്‍മ്മിച്ചത്. ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിനായിരുന്നു നിര്‍മ്മാണ ചുമതല. വൈദ്യുതി, കുടിവെളളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. പാലിയാണയില്‍ വീടു ലഭ്യമായവരില്‍ പ്രളയക്കെടുതിയില്‍ ദുരിതമനുഭവിച്ച കൂവണക്കുന്ന് നിവാസികളായ 14 കുടുംബങ്ങളും ഉള്‍പ്പെടുന്നുണ്ട്.
പാലിയാണയില്‍ നടന്ന ചടങ്ങില്‍ ഒ.ആര്‍. കേളു എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഡോ. രേണുരാജ്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍, വൈസ് പ്രസിഡന്റ് ജംഷീര്‍ കുനിങ്ങാരത്ത്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജുനൈദ് കൈപ്പാണി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ പി. കല്യാണി, പി.കെ അമീന്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഭാരവാഹികളായ സി.എം അനില്‍കുമാര്‍, സീനത്ത് വൈശ്യന്‍, ഇ.കെ സല്‍മത്ത്, ട്രൈബല്‍ ഡവലപ്പ്മെന്റ് ഓഫീസര്‍മാരായ സി. ഇസ്മയില്‍, ജി. പ്രമോദ്, സംസ്ഥാന പട്ടികവര്‍ഗ്ഗ ഉപദേശക സമിതി അംഗം കെ. രാമചന്ദ്രന്‍, തഹസില്‍ദാര്‍ എം.ജെ അഗസ്റ്റിന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ നിര്‍മ്മിതി കേന്ദ്ര എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഒ.കെ സാജിത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചടങ്ങില്‍ ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നിട്ടമാനിയില്‍ നടന്ന ചടങ്ങില്‍ ഒ.ആര്‍.കേളു എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സന്‍ സി.കെ രത്‌നവല്ലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, നഗരസഭ വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍, നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഭാരവാഹികളായ ലേഖ രാജീവന്‍, വിപിന്‍ വേണുഗോപാല്‍, പാത്തുമ്മ ടീച്ചര്‍, പി.വി.എസ് മൂസ, സംസ്ഥാനതല പട്ടികവര്‍ഗ്ഗ ഉപദേശക സമിതിയംഗം എ.ജെ ജൂലി, ട്രൈബല്‍ ഡവലപ്പ്മെന്റ് ഓഫീസര്‍മാരായ സി. ഇസ്മയില്‍, ജി. പ്രമോദ്, തഹസില്‍ദാര്‍ എം.ജെ അഗസ്റ്റിന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ നിര്‍മ്മിതി കേന്ദ്ര എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഒ.കെ സാജിത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.