മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി പൊതുസ്ഥലങ്ങളിലേയും സ്വകാര്യ ഭൂമിയിലേയും അപകടഭീഷണിയിലായ മരങ്ങളും ശിഖരങ്ങളും മുറിച്ചു മാറ്റുന്നതിനുളള നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കനത്ത കാറ്റിലും മഴയിലും മരങ്ങളും ശിഖരങ്ങളും വീണുണ്ടാകുന്ന നാശനഷ്ടങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി. അപകടഭീഷണിയിലുള്ള മരങ്ങള്‍ മുറിച്ച് നീക്കുന്നതിനുളള അപേക്ഷകളിലും, ട്രീ കമ്മിറ്റിയുടെ ശുപാര്‍ശകളിലും അടിയന്തരമായി സ്ഥല പരിശോധന നടത്തി ദുരന്ത സാധ്യത ഒഴിവാക്കുന്നതിനുള്ള നടപടികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ സ്വീകരിക്കണം. അല്ലാത്തപക്ഷം വീഴ്ച്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ദുരന്ത നിവാരണ നിയമ പ്രകാരമിറക്കിയ ഉത്തരവില്‍ പറയുന്നു.

അപകടഭീഷണിയിലുളള മരങ്ങള്‍ മുറിച്ച് മാറ്റുന്നതിനുളള അനുമതി തദ്ദേശ സ്ഥാപനതലങ്ങളില്‍ നിന്നും നല്‍കേണ്ടതാണ്. തദ്ദേശ സ്ഥാപന അധ്യക്ഷന്‍ ചെയര്‍മാനായും സെക്രട്ടറി കണ്‍വീനറായും, വില്ലേജ് ഓഫീസര്‍, വനം വകുപ്പ് റേഞ്ച് ഓഫീസര്‍ തുടങ്ങിയവര്‍ അംഗങ്ങളായുമുളള ട്രീ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് സെക്രട്ടറിമാര്‍ ഉറപ്പുവരുത്തണം. ലഭ്യമായ അപേക്ഷകളില്‍ പരിശോധന നടത്തി അപകടഭീഷണിയുള്ള മരങ്ങള്‍ മുറിച്ച് മാറ്റുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കണം. മരചില്ലകള്‍ മുറിക്കുന്നതിനും, മരം കോതി ഒതുക്കുന്നതിനും കമ്മിറ്റിയുടെ ശുപാര്‍ശ ആവശ്യമില്ല. കമ്മിറ്റി ശുപാര്‍ശചെയ്യുന്ന കേസുകളില്‍ ഉള്‍പ്പടെ ഓരോ വകുപ്പുകളുടെയും കൈവശമുള്ള ഭൂമിയിലെ അപകടകരമായ മരങ്ങളും മരചില്ലകളും മുറിച്ചുമാറ്റുന്നതിന് അതത് വകുപ്പ്തല ഉദ്യോഗസ്ഥര്‍ സമയബന്ധിതമായി നടപടി സ്വീകരിക്കണം. അല്ലാത്തപക്ഷം മരം വീണുണ്ടാകുന്ന അപകടങ്ങള്‍ക്ക് അതത് വകുപ്പുകള്‍ നഷ്ടപരിഹാരം നല്‍കണം.

സ്വകാര്യഭൂമിയിലെ അപകടകരമായ മരങ്ങള്‍, ശിഖരങ്ങള്‍ മുറിച്ച് മാറ്റാന്‍ ആവശ്യമായ നടപടിയും തദ്ദേശ സ്വയം ഭരണ വകുപ്പ് സ്വീകരിക്കണം. ദേശിയപാതയോരങ്ങളിലും, പൊതു നിരത്തുകളുടെ അരികിലും അപകടാവസ്ഥയില്‍ സ്ഥിതിചെയ്യുന്ന മരങ്ങളും ശിഖരങ്ങളും പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ മുറിച്ചുമാറ്റണം. സ്‌കൂള്‍ പരിസരങ്ങളിലും, പട്ടികവര്‍ഗ്ഗ കോളനികളിലുമുളള അപകടാവസ്ഥയിലുള്ള മരങ്ങള്‍ സംബന്ധിച്ച് പരിശോധനയും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നടത്തണം. അപകടഭീഷണിയിലുള്ളതും, സര്‍ക്കാരിലേക്ക് റിസര്‍വ് ചെയ്തിട്ടുള്ളതുമായ തേക്ക്, വീട്ടി തുടങ്ങിയ സംരക്ഷിത മരങ്ങള്‍ മുറിച്ച് നീക്കുന്നതിന് നിലവിലുള്ള ചട്ടങ്ങള്‍ പ്രകാരമുള്ള നടപടി സ്വീകരിക്കണം. വനഭൂമിയില്‍ സ്ഥിതിചെയ്യുന്നതും അപകടഭീഷണിയുള്ളതുമായ മരങ്ങള്‍, ശിഖരങ്ങള്‍ എന്നിവ മുറിച്ച് മാറ്റുന്നതിന് വനം വകുപ്പ് നടപടി സ്വീകരിക്കണം. വൈദ്യുതി ലൈനിന് ഭീഷണിയായവ കെഎസ്ഇബിയും മുറിച്ചുമാറ്റണം.