നടനും സംവിധായകനും ഗായകനുമായ ബാലചന്ദ്രമേനോന്റെ സിനിമകളെക്കുറിച്ചുള്ള പഠന ഗ്രന്ഥം ‘ബാലചന്ദ്രമേനോൻ:  കാണാത്ത കാഴ്ചകൾ, കേൾക്കാത്ത ശബ്ദങ്ങൾ’ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ പ്രകാശനം ചെയ്തു.

ടി.പി വേണുഗോപാലൻ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പുസ്തകം എഴുത്തുകാരി റോസ്‌മേരി ഏറ്റുവാങ്ങി. സിനിമയുടെ എല്ലാ രംഗത്തും കഴിവുതെളിയിച്ച പ്രഗൽഭ വ്യക്തിത്വമാണ് ബാലചന്ദ്രമേനോനെന്ന് മന്ത്രി സജി ചെറിയാൻ അഭിപ്രായപ്പെട്ടു.

കേരളത്തിലെ ജനങ്ങൾ ആവോളം ഇഷ്ടപ്പെട്ട കലാകാരനാണ് മേനോൻ. അതിഭാവുകത്വം ഇല്ലാത്ത കഥയും കഥാപാത്രങ്ങളുമായി മലയാള സിനിമയിൽ അരനൂറ്റാണ്ടിലേറെ പൂർത്തിയാക്കിയ മേനോന്റെ സിനിമകളെക്കുറിച്ചുള്ള പുസ്തകം സിനിമയെ ഗൗരവമായി കാണുന്ന ഭാവി തലമുറയ്ക്ക് വഴികാട്ടിയാകും.  മലയാള സിനിമക്കായി സമഗ്രസംഭാവന അർപ്പിച്ചവരെ അംഗീകരിക്കാൻ സാംസ്‌കാരിക വകുപ്പ് തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തന്റെ സിനിമകളെക്കുറിച്ചും സിനിമാ അനുഭവങ്ങളെക്കുറിച്ചും ബാലചന്ദ്രമേനോൻ സംസാരിച്ചു. രസകരങ്ങളായ നിരവധി അനുഭവങ്ങൾ അദ്ദേഹം പങ്കുവച്ചു. പരിപാടിയിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം സത്യൻ അധ്യക്ഷത വഹിച്ചു. ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ പുസ്തകപരിചയം നടത്തി. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റൻറ് ഡയറക്ടർ ഡോ. പ്രിയ വർഗീസ്, ടി.പി  വേണുഗോപാലൻ, എം.യു പ്രവീൺ എന്നിവർ സംസാരിച്ചു. പുസ്തക പ്രകാശനത്തിന് ശേഷം ബാലചന്ദ്രമേനോന്റെ ചലച്ചിത്രങ്ങളിലൂടെയുള്ള സംഗീതയാത്ര അവതരിപ്പിച്ചു.