അവധിക്കാലം ഉത്സവമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ പട്ടിക വർഗ്ഗ വികസന വകുപ്പിൻ്റെ നേതൃത്വത്തിൽ കോളനികളിൽ കലാകായിക മത്സരങ്ങൾ സംഘടിപ്പിക്കുന്ന വികസനോത്സവത്തിൻ്റെ ബത്തേരി താലൂക്ക് തല ഉദ്ഘാടനം നൂൽപ്പുഴ കോളൂർ കോളനിയിൽ പട്ടികജാതി പട്ടിക വർഗ്ഗ ദേവസ്വം, പാർലമെൻ്ററി കാര്യ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിച്ചു. ചടങ്ങിൽ ഐ.സി ബാലകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.

കുട്ടികളുടെയും യുവജനങ്ങളുടെയും മുതിർന്നവരുടെയും മാനസികവും ശാരീരികവും ബൗദ്ധികവുമായ വളർച്ചയ്ക്ക്‌ ഉതകുന്ന രീതിയിൽ അവധിക്കാലങ്ങളെ മാറ്റുന്നതിന് വേണ്ടിയാണ് വികസനോത്സവം സംഘടിപ്പിക്കുന്നത്. വികസനോത്സവത്തിൻ്റെ ഭാഗമായി ബത്തേരി പട്ടിക വർഗ്ഗ ഓഫീസിൻ്റെ കീഴിൽ വിവിധ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളുടെ നേതൃത്വത്തിൽ പട്ടികവർഗ്ഗ കോളനികളിലെ പഠനമുറികൾ, സാംസ്കാരിക നിലയങ്ങൾ എന്നിവ കേന്ദ്രീകരിച്ച് വിവിധ കലാകായിക പരിപാടികൾ, ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ, അംബേദ്കർ ജയന്തി ദിനാഘോഷം, ഡോക്യുമെൻററി പ്രദർശനം, ശുചീകരണം, മെഡിക്കൽ ക്യാമ്പുകൾ, ക്വിസ് മത്സരങ്ങൾ തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

വികസനോത്സവത്തിൻ്റെ ഭാഗമായി നടത്തിയ ബോധവൽക്കരണ ക്ലാസ്, ലഹരി വിരുദ്ധ ലഘുനാടകം, കലാപരിപാടികൾ എന്നിവ വേറിട്ടതായി. നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീജ സതീഷ്, വൈസ് പ്രസിഡൻറ് എൻ.എ ഉസ്മാൻ, വാർഡ് മെമ്പർമാരായ എ.കെ ഗോപിനാഥൻ, കെ.എം സിന്ധു , ഷീന കളപ്പുരയ്ക്കൽ, ദിനേശ് കുമാർ, എം.സി അനിൽ അനീഷ് പിലാക്കാവ്, ബാലൻ , ട്രൈബൽ ഡെവലപ്മെൻറ് ഓഫീസർമാരായ ജി. പ്രമോദ്, സി. ഇസ്മായിൽ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ കെ.ടി സുഹറ, സോഷ്യൽ വർക്കർ പ്രജോദ്, തുടങ്ങിയവർ സംസാരിച്ചു.