സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഏപ്രില്‍ 24 മുതല്‍ 30 വരെ കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂള്‍ മൈതാനത്ത് നടക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേളയോടനുബന്ധിച്ച് കല്‍പ്പറ്റയില്‍ വ്യാഴാഴ്ച്ച വിളംബരജാഥ നടക്കും. വൈകീട്ട് 3 ന് എസ്.കെ.എം.ജെ സ്‌ക്കൂള്‍ പരിസരത്ത് നിന്നും ആരംഭിക്കുന്ന വിളംബര ജാഥ ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് ഫ്ളാഗ് ഓഫ് ചെയ്യും.

ശിങ്കാരിമേളം, നാടന്‍ കലാരൂപങ്ങള്‍, വാദ്യഘോഷങ്ങള്‍ തുടങ്ങിയവ വിളംബരജാഥയ്ക്ക് നിറമേകും. ജനപ്രതിനിധികള്‍, ജീവനക്കാര്‍, സ്‌കൗട്സ് & ഗൈഡ്സ്, എന്‍.സി.സി വിദ്യാര്‍ത്ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ അണിനിരക്കും. കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് വിളംബരജാഥ സമാപിക്കും. തുടര്‍ന്ന് എന്റെ കേരളം ഫ്ളാഷ് മോബ് അരങ്ങേറും.