വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് ആകുന്നതോടൊപ്പം അവിടെ ലഭിക്കുന്ന സേവനങ്ങളും സ്മാര്‍ട്ടാകുമെന്ന് റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍. ഏറാമല സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടോദ്ഘാടനം ഓര്‍ക്കാട്ടേരിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന മുദ്രാവാക്യത്തോടെ ഈ മാസം 25 മുതല്‍ ആരംഭിക്കുന്ന പട്ടയ മിഷനിലേക്ക് റവന്യൂ വകുപ്പ് കേരളത്തെ കൈപ്പിടിച്ച് നടത്തുകയാണ്. പട്ടയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മണ്ഡല തലത്തിൽ റവന്യൂ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി ലഘൂകരിക്കുകയാണ് റവന്യൂ വകുപ്പിന്റെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ കെ കെ രമ എം എല്‍ എ അധ്യക്ഷത വഹിച്ചു. കെ മുരളീധരന്‍ എം പി മുഖ്യാതിഥിയായി. ജില്ലാ നിര്‍മ്മിതി കേന്ദ്രം പ്രൊജക്ട് മാനേജര്‍ ഡെന്നീസ് മാത്യൂ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വടകര ബ്ലോക്ക് പ്രസിഡന്റ് കെ.പി ഗിരിജ, ഏറാമല പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല ഈങ്ങോളി, വടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ സന്തോഷ് കുമാര്‍, ഏറാമല പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ദീപ് രാജ് എന്നിവര്‍ സംസാരിച്ചു.

ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്‍.എം വിമല, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി പി നിഷ, വടകര ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ എ കെ ഗോപാലന്‍, നുസൈബ മൊട്ടമ്മല്‍, കെ പി സൗമ്യ, മെമ്പര്‍ കെ പി ബിന്ദു തുടങ്ങി ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ഉദ്യോഗസ്ഥരും ചടങ്ങില്‍ സന്നിഹിതരായി. ജില്ലാ കലക്ടര്‍ എ ഗീത സ്വാഗതവും എഡി എം സി മുഹമ്മദ് റഫീഖ് നന്ദിയും പറഞ്ഞു.

റീബില്‍ഡ് കേരള ഇനീഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തി 51.98 ലക്ഷം രൂപ ചെലവഴിച്ച് രണ്ട് നില കെട്ടിടത്തിലാണ് വില്ലേജ് ഓഫീസ് പണി പൂര്‍ത്തീകരിച്ചത്. താഴത്തെ നിലയില്‍ വില്ലേജ് ഓഫീസര്‍ റൂം, കാത്തിരിപ്പ് കേന്ദ്രം, സ്‌പെഷല്‍ വില്ലേജ് ഓഫീസര്‍ റൂം, സ്റ്റാഫ് ഓഫീസ് ഏരിയ, ശൗചാലയ സൗകര്യമാണുള്ളത്. ഒന്നാം നിലയില്‍ മീറ്റിംഗ് ഹാള്‍, സ്റ്റോറേജ് റൂം, സ്റ്റാഫിനുള്ള ടോയ്‌ലറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.