പൊതു ഇടങ്ങള്‍ ഇല്ലാതാകുന്ന പുതിയ ഡിജിറ്റല്‍ കാലഘട്ടത്തില്‍ അവധിക്കാല ക്യാമ്പുകള്‍ വിദ്യാര്‍ഥികളുടെ സര്‍ഗ്ഗാത്മക വേദികളായി മാറിയതായി വനിതാ ശിശുക്ഷേമ മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാന ശിശുക്ഷേമ സമിതി തൈക്കാട് സംഘടിപ്പിച്ച കിളിക്കൂട്ടം അവധിക്കാല ക്യാമ്പില്‍ വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു മന്ത്രി. മാധ്യമപ്രവര്‍ത്തക എന്ന രീതിയില്‍ ജനങ്ങള്‍ക്ക് വേണ്ടി വാദിക്കാന്‍ കഴിഞ്ഞു. മന്ത്രി എന്ന നിലയില്‍ ജനങ്ങള്‍ക്കാവശ്യമായത് ചെയ്യാന്‍ കഴിയുന്നുവെന്ന് മന്ത്രി വിദ്യാര്‍ഥികളുടെ ചോദ്യത്തിന് ഉത്തരമായിപറഞ്ഞു.

രോഗികളുടെയും വനിതകളുടെയും കുട്ടികളുടെയും കാര്യങ്ങളില്‍ ഇടപെട്ട് പരിഹാരം കാണാന്‍ കഴിയുന്നത് മികച്ച അനുഭവമാണ്. വിദ്യാര്‍ഥികള്‍ക്ക് വരുന്ന വര്‍ഷത്തോടെ സ്‌കൂള്‍ ഹെല്‍ത്ത് പ്രോഗ്രാം നടപ്പാക്കും. സ്‌കൂളുകളില്‍ വാര്‍ഷിക സൗജന്യ ആരോഗ്യ പരിശോധന പരിപാടികള്‍ പൊതു വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് നടപ്പാക്കും. സൗജന്യവും സാര്‍വത്രികവും നൂതനവും നവീനവുമായ ചികിത്സ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ലഭ്യമാക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ക്യാമ്പംഗങ്ങളായ വിദ്യാര്‍ഥികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.കേരള ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജി.എല്‍ അരുണ്‍ ഗോപി, ജോയിന്റ് സെക്രട്ടറി മീര ദര്‍ശക്, ട്രഷറര്‍ കെ ജയപാല്‍, ദേശീയ ശിശുക്ഷേമ സമിതി അംഗം കെ കൃഷ്ണന്‍, ക്യാമ്പ് ഡയറക്ടര്‍ എന്‍.എസ് വിനോദ് എന്നിവര്‍ സംബന്ധിച്ചു. ക്യാമ്പംഗങ്ങളായ വിദ്യാര്‍ഥികള്‍ക്ക് മധുരം വിതരണം ചെയ്താണ് മന്ത്രി മടങ്ങിയത്.