ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്റെ മൂന്നാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി മുല്ലശേരി കനാലിൽ നടത്തിവരുന്ന നവീകരണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തി. ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷിന്റെ നേതൃത്വത്തിലായിരുന്നു വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രവർത്തനങ്ങൾ പരിശോധിച്ചത്.
കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് മുതൽ ടി.ഡി റോഡ് വരെയുള്ള കനാലിന്റെ ഭാഗങ്ങളിൽ ജല അതോറിറ്റിയുടെ പൈപ്പ് ലൈനുകൾ മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. ഈ ഭാഗങ്ങളിലായിരുന്നു കളക്ടറും സംഘവും സന്ദർശിച്ചത്. മഴക്കാലത്തിന് മുൻപ് പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്ന് കളക്ടർ നിർദ്ദേശം നൽകി.
റയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, എം.ജി.റോഡ് എന്നിവിടങ്ങളിലെ വെള്ളക്കെട്ടിന് കാരണം മുല്ലശ്ശേരി കനാലിലെ തടസങ്ങളാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി കനാലിലെ ബെഡ് ലെവൽ ഒരു മീറ്റർ താഴ്ത്തി മൂന്നര മീറ്റർ വീതിയുള്ള കനാലിന്റെ വീതി നാലു മീറ്ററായി വർധിപ്പിക്കാനുമുള്ള നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നുള്ള അനുമതികൾ ലഭിക്കുന്ന മുറക്ക് നാലാം ഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് കളക്ടർ അറിയിച്ചു. നാല് പ്രവർത്തനങ്ങളാണ് നാലാം ഘട്ടത്തിൽ നടപ്പാക്കുന്നത്.
കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിലാണ് ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതി നടപ്പിലാക്കുന്നത്. ഹൈക്കോടതി നിയമിച്ച അമിക്കസ്ക്യൂരി അഡ്വ. സുനിൽ കുമാർ, ദുരന്തനിവാരണ വകുപ്പ്, ജല അതോറിറ്റി, മൈനർ ഇറിഗേഷൻ, റോഡ്സ് വിഭാഗം, കൊച്ചി കോർപ്പറേഷൻ, കെ.എസ്.ആർ.ടി.സി, പൊലീസ്, അഗ്നി രക്ഷാസേന എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരായിരുന്നു കളക്ടർക്കൊപ്പം ഉണ്ടായിരുന്നത്.