പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. പകര്‍ച്ചവ്യാധി നിയന്ത്രണം, ആരോഗ്യ ജാഗ്രത, ഏകാരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട് ചേമ്പറില്‍ കലക്ടടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. മഴക്കാലത്തിന് മുന്‍പ് ഡെങ്കിപ്പനി, മലേറിയ പോലുള്ള കൊതുക് ജന്യരോഗങ്ങള്‍ക്കെതിരെ മുന്‍കരുതലുകള്‍ സ്വീകരിക്കണം. തുറസായ സ്ഥലങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കണം. ഞായറാഴ്ചകളില്‍ വീടുകളിലും ശനിയാഴ്ചകളില്‍ ഓഫീസുകളിലും വെള്ളിയാഴ്ചകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കൊതുക് ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം.
‘ഏകാരോഗ്യം’ എന്ന ആശയത്തെ മുന്‍നിര്‍ത്തിയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക. പൊതുജനാരോഗ്യത്തോടൊപ്പം മൃഗങ്ങളുടെയും പരിസ്ഥിതിയുടെയും ആരോഗ്യത്തിനും മുന്‍തൂക്കം നല്‍കും. കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ എല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. ആദിവാസി മേഖലകളില്‍ ആവശ്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് നടപടികള്‍ സ്വീകരിക്കും. അതിഥി തൊഴിലാളികളില്‍ രോഗനിര്‍ണയം നടത്തുന്നതിന് പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കും.
നായ്ക്കളുടേയോ മറ്റ് ജന്തുക്കളുടേയോ കടിയേറ്റാല്‍ 15 മിനിറ്റ് സോപ്പ് ഉപയോഗിച്ച് കടിയേറ്റ ഭാഗം കഴുകിയ ശേഷം ഉടന്‍ പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിക്കണം. എ എം ആര്‍ (ആന്റി മൈക്രോബ്യല്‍ റെസിസ്റ്റന്‍സ്) സര്‍വൈലന്‍സ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കും. ശാസ്ത്രീയരീതിയില്‍ മാലിന്യ ശേഖരണവും സംസ്‌കരണവും ഉറപ്പുവരുത്തുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളേയും ശുചിത്വ മിഷിനെയും ചുമതലപ്പെടുത്തി.
ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ അജിത, ജില്ലാ ലേബര്‍ ഓഫീസര്‍ പി ദീപ, കാര്‍ഷിക വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ് ഗീത, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അജയന്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.