ഭൂമിയില്ലാത്ത, വീടില്ലാത്ത ആദിവാസി കുടുംബങ്ങള്‍ക്ക് മേല്‍വിലാസമുണ്ടാക്കുകയാണ് ലക്ഷ്യമെന്ന് ഒ.ആര്‍.കേളു എംഎല്‍എ പറഞ്ഞു. മൂഴിയാര്‍ സായിപ്പന്‍കുഴി ആദിവാസി കോളനി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു നിയമസഭയുടെ പട്ടികജാതി പട്ടികവര്‍ഗ ക്ഷേമം സംബന്ധിച്ചുള്ള സമിതിയുടെ ചെയര്‍മാന്‍. പത്തനംതിട്ട ജില്ലയിലെ സീതത്തോട് പഞ്ചായത്തിലെ മൂഴിയാര്‍ പ്രദേശത്തെ 45 മലമ്പണ്ടാര വിഭാഗത്തില്‍പ്പെട്ട ആദിവാസി കുടുംബങ്ങള്‍ക്ക് കെഎസ്ഇബിയുടെ സ്ഥലം ഏറ്റെടുത്ത് വീടു നല്‍കുന്ന പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കും.

ആദിവാസി ജനങ്ങള്‍ കാട്ടില്‍ കൂടി അലയുന്ന പ്രവണത അവസാനിപ്പിക്കണം. അവരെയും സാംസ്‌കാരികമായി വളര്‍ത്തണം. നിലവില്‍ അവര്‍ താമസിക്കുന്ന സ്ഥലത്ത് പേരില്‍ ഭൂമി ലഭ്യമാക്കും. ലൈഫ് പദ്ധതി പ്രകാരം വീടുവച്ചു നല്‍കി മേല്‍വിലാസം സൃഷ്ടിക്കുകയാണ് ലക്ഷ്യം. എല്ലാവര്‍ക്കും തൊഴിലുറപ്പ് തൊഴില്‍ കാര്‍ഡുകള്‍ വകുപ്പുകള്‍ ലഭ്യമാക്കണം. ഗോത്ര മേളകളും, ഊരുല്‍സവങ്ങളും കോളനിയില്‍ നടത്തും. അവയില്‍ ജനങ്ങള്‍ പങ്കാളികളാകണം. ആറു മാസങ്ങള്‍ക്കു ശേഷം കോളനിയിലെ പുരോഗതി വിലയിരുത്തുവാന്‍ സമിതി അംഗങ്ങള്‍ വീണ്ടുമെത്തുമെന്നും ചെയര്‍മാന്‍ പറഞ്ഞു.

അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ, സമിതി അംഗങ്ങളായ പി.വി. ശ്രീനിജന്‍ എംഎല്‍എ, പി.പി. സുമോദ് എംഎല്‍എ, വി.ആര്‍. സുനില്‍കുമാര്‍ എംഎല്‍എ, ഒ.എസ്. അംബിക എംഎല്‍എ എന്നിവരും  സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍.പ്രമോദ്, എ.ഡി.എം. ബി.രാധാകൃഷ്ണന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം ) ഡോ.എല്‍. അനിതകുമാരി, ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസര്‍ എസ്.എസ്. സുധീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.