മന്ത്രി മാത്യു ടി തോമസിന്റെ ഫേയ്‌സ്ബുക് പോസ്റ്റ് ശ്രദ്ധേയമാകുന്നു
പ്രതിസന്ധികള്‍ തരണം ചെയ്ത് തിരുവല്ല ബൈപ്പാസ് യാഥാര്‍ഥ്യമാകുന്നതു സംബന്ധിച്ച് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസിന്റെ ഫേയ്‌സ്ബുക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. പ്രതിസന്ധികള്‍ ഒന്നൊന്നായി തരണം ചെയ്ത് ഏറെ ശ്രമങ്ങള്‍ക്ക് ഒടുവിലാണ് ബൈപ്പാസിന്റെ മുടങ്ങി കിടന്ന നിര്‍മാണത്തിന് വഴിതെളിയുന്നതെന്നും മന്ത്രി ഫേയ്‌സ്ബുക്കില്‍ കുറിച്ചു. പഴയ കരാര്‍ അവസാനിപ്പിച്ച് പുതിയ ടെന്‍ഡറിന് ലോക ബാങ്ക് അനുമതി ലഭിച്ചതോടെ കാര്യങ്ങള്‍ വേഗത്തിലായി. കഴിഞ്ഞ 10ന് ടെന്‍ഡര്‍ തുറന്നു. കരാര്‍ ഉറപ്പിക്കുന്നതിന് ലോക ബാങ്കിന്റെ അന്തിമ അനുമതി മാത്രമേ ഇനി ആവശ്യമുള്ളു. ഇതിനകം തന്നെ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ബൈപ്പാസ് നിര്‍മാണത്തിന്റെ തുടക്കം ഒക്ടോബര്‍ വരെ നീളുമെന്ന കണക്കു കൂട്ടലില്‍ യാത്രാ ക്ലേശം പരിഹരിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്റെ അധ്യക്ഷതയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. കനത്തമഴയും പ്രളയവും വരുത്തി വച്ച കാലതാമസം ഉണ്ടായെങ്കിലും രാമഞ്ചിറ ഭാഗത്ത് പൂട്ടുകട്ടയിട്ട് റോഡ് സഞ്ചാരയോഗ്യമാക്കി കഴിഞ്ഞു. തിരുവല്ല ടൗണിലെ കുഴിയടപ്പും രണ്ടു ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകും.
തിരുവല്ല-മല്ലപ്പള്ളി റോഡിന്റെ അറ്റകുറ്റപ്പണികളുടെ ആദ്യ ഘട്ടം പൂര്‍ത്തിയായി. തിരുവല്ല മുതല്‍ പായിപ്പാട് വരെയുള്ള ഭാഗത്ത് കുഴിയടപ്പ് മാത്രം പോര എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ ശബരിമല ഫെസ്റ്റിവലില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപയുടെ ടെന്‍ഡര്‍ വിളിച്ചു കഴിഞ്ഞു. കെഎസ്ടിപിയുടെ തിരുവല്ല -മാവേലിക്കര റോഡിന് പ്രളയത്തില്‍ വന്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. മറ്റു കെടുതികള്‍ വിലയിരുത്താന്‍ 15ന് ജില്ലയില്‍ എത്തുന്ന ലോക ബാങ്ക് പ്രതിനിധികള്‍ ഈ റോഡും സന്ദര്‍ശിക്കുമെന്നും മന്ത്രി കുറിച്ചു.
 പഴയ കരാര്‍ റദ്ദാക്കിയതിന്റെ അടിസ്ഥാനത്തില്‍ ലോകബാങ്കിന്റെ നിര്‍ദ്ദേശപ്രകാരം ക്ഷണിച്ച ടെണ്ടറിന്റെ അംഗീകാരനടപടികളാണ് നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. ഇത് പൂര്‍ത്തിയാക്കി ഒക്ടോബറോടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങി ഒന്‍പത് മാസം കൊണ്ട് നിര്‍മാണം തീര്‍ക്കാനാണ് തീരുമാനമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ അറിയിച്ചു.  38.3 കോടി രൂപയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. അതിനുമുമ്പ് ബൈപ്പാസിന്റെ അനുബന്ധപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. നിര്‍മാണം ഇടയ്ക്ക് വച്ച് നിര്‍ത്തിയിരുന്ന ഫ്ളൈ ഓവറിനോടു ചേര്‍ന്ന് റെയില്‍വേ സ്റ്റേഷന്‍ റോഡിലേക്ക് പ്രവേശിച്ച്, ഇടതുഭാഗം തിരിഞ്ഞ് മല്ലപ്പള്ളി റോഡില്‍ പ്രവേശിച്ച് ഇവിടെ നിന്നും നിര്‍ദ്ദിഷ്ട അലൈന്‍മെന്റ് പ്രകാരം വയാഡക്ട് (പാലം) നിര്‍മ്മാണത്തോടുകൂടി രാമന്‍ചിറ എം.സി. റോഡില്‍ എത്തുന്ന തരത്തിലാണ് ബൈപ്പാസിന്റെ നിര്‍മാണം.
മഴുവങ്ങാട് നിന്നും ആരംഭിച്ചിരിക്കുന്ന അലൈന്‍മെന്റിന്റെ ഉപരിതലജോലികളും മിനി ബ്രിഡ്ജ്, ഫ്ളൈഓവറിന്റെ അപ്രോച്ച്റോഡിന്റെ പ്രവൃത്തികള്‍, ഫ്ളൈഓവറിന്റെ പൂര്‍ത്തീകരണം എന്നിവയാണ് ഇനി നടത്താനുള്ളത്. കെ.എസ്.ടി.പിക്കാണ് പദ്ധതിയുടെ നിര്‍മാണ ചുമതല.