പ്രളയത്തില്‍ ഏറെ ദുരിതം അനുഭവിക്കേണ്ടി വന്ന കോഴഞ്ചേരി താലൂക്കിലെ കിടങ്ങന്നൂര്‍ വില്ലേജിലെ എഴിക്കാട് കോളനി സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ.വി.കെ. രാമചന്ദ്രന്‍ സന്ദര്‍ശിച്ചു. സംസ്ഥാനത്തെ വലിയ പട്ടികജാതി കോളനികളില്‍ ഒന്നായ എഴിക്കാട് പ്രദേശത്ത് പ്രളയം ഏറെ നാശം വിതച്ചിരുന്നു. പരിമിതമായ ജീവിത സാഹചര്യങ്ങളില്‍ കഴിയുന്ന ഇവരുടെ പ്രശ്‌നങ്ങള്‍ നേരിട്ടു മനസിലാക്കി പദ്ധതി രൂപീകരണത്തില്‍ ആവശ്യമായ മുന്‍ഗണന നല്‍കുന്നതിനാണ് പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സ്ഥലം സന്ദര്‍ശിച്ചത്.
ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സോമസുന്ദരലാല്‍, ഡെപ്യുട്ടി തഹസീല്‍ദാര്‍ ഗംഗാധരന്‍ തമ്പി, ജൂനിയര്‍ സൂപ്രണ്ട് പി.ജെ. ഏബ്രഹാം, വില്ലേജ് ഓഫീസര്‍ എ.സീന എന്നിവര്‍ പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാനൊപ്പമുണ്ടായിരുന്നു.
പ്രളയബാധിതര്‍ക്ക് കൈത്താങ്ങായി നീതിധാര ലീഗല്‍ സര്‍വീസ് ക്യാമ്പ് ഇന്ന് (14) കോന്നിയില്‍
പ്രളയബാധിതരായവര്‍ക്ക് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്നതിനായി ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന നീതിധാര ലീഗല്‍ സര്‍വീസ് ക്യാമ്പ് ഇന്ന് (14) കോന്നി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പാരിഷ് ഹാളില്‍ നടക്കും. രാവിലെ 10 ന് ക്യാമ്പ് ആരംഭിക്കും. സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് വിവിധ വകുപ്പുകളുടെ കൗണ്ടറുകളില്‍ അപേക്ഷ നല്‍കുന്നതിനും അവ ലഭ്യമാക്കുന്നതിനുള്ള സൗകര്യങ്ങളും മെഡിക്കല്‍ സേവനങ്ങള്‍ ഉള്‍പ്പെടെ വിവിധ വകുപ്പുകളുടെ സേവനങ്ങളും ക്യാമ്പില്‍ ലഭ്യമാണ്. പൊതുജനങ്ങള്‍ ക്യാമ്പിന്റെ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി ആര്‍. ജയകൃഷ്ണന്‍ അറിയിച്ചു.