എറണാകുളം മറൈൻഡ്രൈവ് ഗ്രൗണ്ടിൽ നടക്കുന്ന സഹകരണ എക്‌സ്‌പോയിൽ പേരു കൊണ്ട് വ്യത്യസ്തമാകുകയാണ് കട്ടപ്പനയെന്ന സ്റ്റാൾ. സ്വന്തം നാടിന്റെ പേരിലുള്ള സ്റ്റാളൊരുക്കിയിരിക്കുന്നത് കട്ടപ്പന സഹകരണ ബാങ്കാണ്. എന്നാൽ പേരിൽ മാത്രമല്ല സ്റ്റാൾ ശ്രദ്ധേയമാകുന്നത്. വ്യത്യസ്തങ്ങളായ ഉൽപ്പന്നങ്ങളും ഇവിടേക്ക് കാണികളെ ആകർഷിക്കുന്നു. ഒപ്പം സഹകരണ മേഖലയിലെ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് എത്രത്തോളം പ്രയോജനകരമാക്കാം എന്നതിലും കട്ടപ്പന സഹകരണ ബാങ്ക് മാതൃകയാകുന്നു.

വിവിധ ഇനം പുട്ടു പൊടികൾ, ദോശ, ഇഡ്‌ലി, റോസ്റ്റഡ് റവ തുടങ്ങി പത്തിനം ഭക്ഷ്യ ഉൽപ്പന്നങ്ങൾ, ടിഷ്യു കൾച്ചറൽ തൈകൾ, അഗ്രി നേഴ്‌സറി ഇനങ്ങൾ എന്നിവ സ്റ്റാളിൽ ലഭ്യമാണ്. ടിഷ്യൂ കൾച്ചർ രീതിയിൽ ഉൽപ്പാദിപ്പിച്ച അലങ്കാര സസ്യങ്ങൾ, ഇൻഡോർ പ്ലാന്റുകൾ, വിവിധയിനം വാഴത്തെകൾ എന്നിവയും സ്റ്റാളിലുണ്ട്. നേന്ത്രൻ, ഞാലിപ്പൂവൻ, ചങ്ങാലിക്കോടൻ എന്നിവയാണ് സറ്റാളിൽ ലഭ്യമാകുന്ന വാഴ ഇനങ്ങൾ.

ഇടുക്കി ജില്ലയിൽ വലിയൊരു വിപണിയാണ് കട്ടപ്പന സഹകരണ ബാങ്കിന്റെ ഹൈ ഫ്രെഷ് ബ്രാൻഡ് ഭക്ഷ്യ ഉൽപ്പന്നങ്ങൾക്കുള്ളത്. കട്ടപ്പനയിൽ മൂന്നേക്കറിൽ ജൈവ രീതിയിൽ കാർഷിക ഉൽപ്പന്നങ്ങളും വിളയിച്ചെടുക്കുന്നു. ഈ ജൈവ പച്ചക്കറികൾ ഹൈപ്പർ മാർക്കറ്റിലൂടെയാണ് ജനങ്ങളിലേക്ക് എത്തിക്കുന്നത്.