കേരളത്തിന്റെ വിദ്യാഭ്യാസ മേഖല രാജ്യത്തിനാകെ മാതൃകയെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻ കുട്ടി. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മറവൻതുരുത്ത് ഗവൺമെന്റ് യു.പി സ്‌കൂളിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.

കഴിഞ്ഞ ഏഴ് വർഷം കൊണ്ട് 3000 കോടി രൂപയാണ് സർക്കാർ വിദ്യാഭ്യാസ മേഖലയിൽ പുത്തൻ കെട്ടിടങ്ങളുടെ നിർമാണത്തിനായി ചെലവഴിച്ചത്. സംസ്ഥാന സർക്കാർ അധികാരമേറ്റ് രണ്ടുവർഷം പൂർത്തിയാകുന്ന വേളയിൽ 76 സ്‌കൂൾ കെട്ടിടങ്ങളാണ് ഉദ്ഘാടനത്തിനായി ഒരുങ്ങുന്നത്. സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് എല്ലാ ജില്ലകളിലും പി.ടി.എ പ്രസിഡന്റുമാരുടെ യോഗം വിളിച്ചു ചേർക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി മെയ് മാസം അഞ്ചു മുതൽ 15 വരെ തീയതികളിൽ ജില്ലാ അടിസ്ഥാനത്തിൽ യോഗം വിളിച്ചു ചേർക്കുന്നതിനുള്ള നടപടികൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഈ വർഷം വിദ്യാഭ്യാസ മേഖലയിൽ കുട്ടികൾക്ക് പഠിക്കുന്നതിനുള്ള മെച്ചപ്പെട്ട സൗകര്യം ഒരുക്കിയെങ്കിൽ അടുത്ത വർഷത്തേക്ക് എത്തുമ്പോൾ കുട്ടികളുടെ അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടു പോകുമെന്നും മന്ത്രി പറഞ്ഞു.

അടുത്ത അധ്യയനവർഷത്തേക്കുള്ള വിദ്യാർഥികളുടെ പാഠപുസ്തകങ്ങളുടെയും യൂണിഫോമിന്റെയും വിതരണവും മന്ത്രി നിർവഹിച്ചു. പഴയ സ്‌കൂൾ കെട്ടിടത്തിനോട് ചേർന്ന് ഒരു കോടി രൂപ ചെലവിട്ടാണ് പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. 4800 ചതുരശ്ര അടി വിസ്തൃതിയിൽ മൂന്ന് നിലകളുള്ള കെട്ടിടത്തിൽ ആധുനീക നിലവാരത്തിലുള്ള ആറ് ക്ലാസ് മുറികളും ഒരു  ഓഡിറ്റോറിയവുമാണ്   ക്രമീകരിച്ചിരിക്കുന്നത്.
സി.കെ. ആശ എം.എൽ.എ അധ്യക്ഷയായി. തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തി. പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സുബിൻ പോൾ പൊതു വിദ്യാഭ്യാസ സന്ദേശം നൽകി.

മറവൻതുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി. രമ, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി എസ്. പുഷ്പമണി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി. പ്രതാപൻ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷമാരായ സീമ ബിനു, ബി. ഷിജു, ബിന്ദു പ്രദീപ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ സി. സുരേഷ് കുമാർ, പ്രീതി ഷിജു, കെ.എൻ ബിജുമോൻ, പി.കെ. മല്ലിക, ഗീതാ ദിനേശൻ, വൈക്കം എ.ഇ.ഒ: എം. ആർ സുനിമോൾ, വൈക്കം ബി.പി.സി മമിത ബേബി, ഹെഡ് മാസ്റ്റർ സി പി പ്രമോദ്, പിടിഎ പ്രസിഡന്റ് ആർ ഗിരി മോൻ, സി ഡി എസ് അധ്യക്ഷ ബിന്ദു സുനിൽ എന്നിവർ പങ്കെടുത്തു.