തീരദേശ മേഖലയെ ചേർത്തു പിടിച്ച് മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങൾ നേരിട്ടറിഞ്ഞ്, പരിഹരിച്ച് നേമം, കോവളം മണ്ഡലങ്ങളിലെ തീരസദസ്സ്. തീരദേശവാസികളുടെ കണ്ണീരൊപ്പുന്നതാണ് ഏറ്റവും വലിയ ദൗത്യമെന്ന് തീരസദസ്സിന് നേതൃത്വം നൽകി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഭവന നിർമാണം, കോളനികളിലെ ഭവന നവീകരണം, സ്ഥലം അനുവദിക്കൽ, ലൈഫ് മിഷനുമായി ബന്ധപ്പെട്ട അപേക്ഷകൾ തുടങ്ങി ഭവനസംബന്ധമായ എല്ലാ അപേക്ഷകളിലും പ്രത്യേക ഇടപെടൽ ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ ഒരാൾക്കെങ്കിലും മറ്റ് മേഖലയിൽ തൊഴിൽ ഉറപ്പാക്കുമെന്നും തീരസദസ്സ് കഴിഞ്ഞാലുടൻ തീരദേശത്തെ വിദ്യാസമ്പന്നരെ ഉൾപ്പെടുത്തി തൊഴിൽമേള സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. തീരസദസ്സിൽ ലഭിച്ച എല്ലാ അപേക്ഷകൾക്കും ഉടനടി പരിഹാരം കാണുമെന്ന് മന്ത്രി ഉറപ്പു നൽകി.
കോവളം മണ്ഡലത്തിൽ ആകെ 2206 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ ഭവനനിർമാണവുമായി ബന്ധപ്പെട്ട 156 അപേക്ഷകൾ ലൈഫ് മിഷന് കൈമാറി. പട്ടയവുമായി ബന്ധപ്പെട്ട 1235 അപേക്ഷകൾ റവന്യൂ വകുപ്പിനും റേഷൻ കാർഡുമായി ബന്ധപ്പെട്ട 78 അപേക്ഷകൾ സിവിൽ സപ്ലൈ വകുപ്പിനും കൈമാറിയിട്ടുണ്ട്. ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ട 652 അപേക്ഷകളിൽ, വിദ്യാഭ്യാസ സ്‌കോളർഷിപ്പുമായി ബന്ധപ്പെട്ട 17 അപേക്ഷകളിൽ തീരസദസ്സിൽ തന്നെ നടപടിയായി. ശേഷിക്കുന്ന 85 പരാതികൾ താലൂക്ക് അദാലത്തിൽ ഉൾപ്പെടുത്തി തീരുമാനമെടുക്കുമെന്ന് മന്ത്രി പറഞ്ഞു. പുല്ലുവിള ലിയോ തെർടീൻത് സ്കൂളിൽ നടന്ന തീരസദസ്സിൽ കായിക രംഗത്ത് മികവ് പ്രകടിപ്പിച്ച പ്രതിഭകളെ ആദരിച്ചു. വിവിധ ധനസഹായങ്ങളുടെ വിതരണവും മന്ത്രി നിർവഹിച്ചു. മണ്ഡലത്തിലെ പ്രശ്‌നങ്ങൾ എം .വിൻസന്റ് എം.എൽ.എയും മറ്റ് ജനപ്രതിനിധികളുമായും മന്ത്രി ചർച്ച ചെയ്തു. ജില്ലാ കളക്ടർ ജെറോമിക് ജോർജ്, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.
നേമം മണ്ഡലത്തിലെ തീരസദസ്സിൽ 30 പരാതികളാണ് ലഭിച്ചത്. വായ്പ എഴുതി തള്ളുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച 16 പരാതികൾ തുടർ നടപടിക്കായി മാറ്റിയിട്ടുണ്ട്. 12 അപേക്ഷകൾ കമ്പ വലയുമായി ബന്ധപ്പെട്ട രജിസ്ട്രേഷൻ സംബന്ധിച്ചാണ്. ഇതിൽ നിയമപരമായി ചെയ്യാൻ കഴിയുന്നത് പരിശോധിക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ജി. ജി കോളനി നവീകരണവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയിലും തുടർനടപടികൾ സ്വീകരിക്കും. ഇവിടെ കടൽ ഭിത്തി നിർമാണത്തിനുള്ള നടപടികളും പുരോഗമിക്കുകയാണ്.
ഇതിനുപുറമേ വിവാഹ ധനസഹായമായി പതിനായിരം രൂപയും നാലു മത്സ്യത്തൊഴിലാളി ഗ്രൂപ്പുകൾക്ക് സ്വയംതൊഴിൽ ധനസഹായമായി 4,14,887 രൂപയും വിതരണം ചെയ്തു.തീരസദസ്സിനിടെ പരാതിയുമായി എത്തിയ സുദേവൻ എന്ന മത്സ്യത്തൊഴിലാളിക്ക് വീട് വയ്ക്കുന്നതിനുള്ള സഹായം ചെയ്തു നൽകുമെന്നും മന്ത്രി അറിയിച്ചു. തിരുവല്ലം എൻ.അച്യുതൻ നായർ കമ്മ്യൂണിറ്റി ഹാളിൽ നടന്ന തീരസദസ്സിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷനായിരുന്നു. പൊതുഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരും സന്നിഹിതരായിരുന്നു. ഇന്ന് (ഏപ്രിൽ 25)തിരുവനന്തപുരം, കഴക്കൂട്ടം മണ്ഡലങ്ങളിൽ തീരസദസ്സ് നടക്കും.