കുടുംബശ്രീ ഹോം ഷോപ്പ് ഓണർമാർക്കുള്ള ക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ചു

പ്രാദേശിക ഉല്‍പ്പന്നങ്ങൾ നേരിട്ട് വീടുകളിലെത്തിക്കുന്ന കുടുംബശ്രീയുടെ ഹോം ഷോപ്പ് പദ്ധതിയുടെ ഹോം ഷോപ്പ് ഓണർമാർക്കുള്ള ക്ഷേമ പദ്ധതികളുടെ പ്രഖ്യാപന പരിപാടി കായിക, വഖഫ്, ഹജ്ജ് തീർഥാടനം, റെയിൽവേ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. പി. ഉബൈദുള്ള എം.എൽ.എ അധ്യക്ഷത വഹിച്ചു.

പ്രാദേശികമായി കുടുംബശ്രീ യൂണിറ്റുകൾ നിർമിക്കുന്ന വിഷരഹിതവും മായം കലർത്താത്തതും ഗുണമേന്മയേറിയതുമായ ഉല്‍പ്പന്ന
ങ്ങൾക്ക് പ്രാദേശികമായി തന്നെ വിപണി കണ്ടെത്തുന്ന നൂതന പദ്ധതിയാണ് കുടുംബശ്രീ ഹോം ഷോപ്പ് പദ്ധതി. കുടുംബശ്രീ ഉല്‍പാദക
യൂണിറ്റുകൾ നിർമിക്കുന്ന ഉല്‍പ്പന്നങ്ങൾ മാനേജ്‌മെന്റ് ടീം ശേഖരിച്ച് വാർഡുകളിൽ പ്രവർത്തിക്കുന്ന ഹോം ഷോപ്പ് ഓണർമാരുടെ വീടുകളില്‍ എത്തിച്ചുനൽകുകയും ഹോം ഷോപ്പ് ഓണർമാർ അവരുടെ വാർഡുകളിലെ മുഴുവൻ വീടുകളിലും വിപണനം നടത്തുന്നുതാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്.

ജില്ലയിൽ പദ്ധതി ആരംഭിച്ച് ഒരുവർഷം പിന്നിടുമ്പോൾ കുടുംബശ്രീ ജില്ലാ മിഷൻ ഹോം ഷോപ്പ് ഓണർമാർക്ക് വേണ്ടി ബാഗ്, ഐ.ഡി കാർഡ്, യൂണിഫോം എന്നിവ സൗജന്യമായി നൽകുന്നുണ്ട്. ഇരുചക്ര വാഹനം വാങ്ങുന്നതിനു 80,000 രൂപ വരെ ലോൺ, ഉല്‍പാദക യൂണിറ്റുകൾക്ക് സി.ഇ.എഫ് ഫണ്ടിൽ നിന്നും 50,000 രൂപ വരെ ലോൺ എന്നിവ ഹോം ഷോപ്പ് പദ്ധതി മാനേജ്‌മെന്റ് ടീം നടപ്പാക്കുന്നുണ്ട്.
ഹോം ഷോപ്പ് ഓണർമാരുടെ ഒമ്പത്, 10, 11, 12 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് വർഷത്തിൽ 1200 രൂപ സ്‌കോളർഷിപ്പ്, ഹോം ഷോപ്പ് ഓണർമാർക്കുള്ള ചികിത്സ ധനസഹായം, തുടർച്ചയായി മൂന്നുമാസം മികച്ച രീതിയിൽ കച്ചവടം ചെയ്യുന്ന ഹോം ഷോപ്പ് ഓണർമാർക്ക് അവരുടെ വീടുകളിലേക്ക് ആവശ്യമായ ഉല്‍പ്പന്നങ്ങളുടെ കിറ്റ് എന്നിവയാണ് പുതിയ ക്ഷേമ പദ്ധതികൾ.

ഹോംഷോപ്പ് മാനേജ്‌മെന്റ് ടീം സെക്രട്ടറി പ്രസാദ് കൈതക്കൽ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, മലപ്പുറം നഗരസഭാ അധ്യക്ഷൻ മുജീബ് കാടേരി, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കാരാട്ട് അബ്ദുറഹിമാൻ, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി സാജിത, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. റുഖിയ ഷംസു, പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ മുസ്തഫ, മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. അബ്ദുൾ കരീം, കുറ്റിപ്പുറം പ്രസിഡന്റ് വസീമ വേളേരി, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽ ബെൻസീറ, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷെജിനി ഉണ്ണി എന്നിവർ സംസാരിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ജാഫർ കെ. കക്കൂത്ത് സ്വാഗതവും ജില്ലാ പ്രോഗ്രാം മാനേജർ പി. റെനീഷ് നന്ദിയും പറഞ്ഞു.