ഹാജിമാർ രാഷ്ട്ര നൻമക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നും മാനവ ഐക്യത്തിന്റെ സന്ദേശമാണ് ഹജ്ജ് നൽകുന്നതെന്നും കേരള സംസ്ഥാന ഹജ്ജ്,വഖഫ്, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. കേരളത്തിൽ നിന്ന് ഹജ്ജിന് തെരഞ്ഞെടുക്കപ്പെവര്‍ക്കുള്ള ഒന്നാംഘട്ട സാങ്കേതിക പഠന ക്ലാസ്സുകളുടെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയ്ക്കല്‍ പി.എം ഓഡിറ്റോറിയത്തില്‍ വെച്ച് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. ഇ.ടി മുഹമ്മദ് ബഷീര്‍ എം പി മുഖ്യാതിഥിയായിരുന്നു. ഹാജിമാര്‍ക്കുള്ള കൈപുസ്തകം പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം എല്‍ എ പ്രകാശനം ചെയ്തു.

ഹജ്ജ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് മുഹസിൻ. എം.എൽ.എ, അഡ്വ..പി.മൊയ്തീൻ കുട്ടി, കെ.എം.മുഹമ്മദ് കാസിം കോയ പൊന്നാനി, പി.ടി.അക്ബർ, ഡോ. ഐ.പി.അബ്ദുൽ സലാം, മദ്രസ ക്ഷേമനിധി ബോർഡ് മെമ്പർ സിദ്ദീഖ് മൗലവി അയിലക്കാട്, ഹജ്ജ് കമ്മിറ്റി എക്സിക്യൂട്ടീവ് ഓഫിസർ ഹമീദ് പി.എം., അസ്സയിൻ പി.കെ. എന്നിവർ സംസാരിച്ചു.സാങ്കേതിക പഠന ക്ലാസിന് സംസ്ഥാന ഹജ്ജ് ട്യൂട്ടർ പി.പി.മുജീബ് റഹ്മാൻ, ജില്ലാ ഹജ്ജ് ട്യൂട്ടർ, കെ.ടി.അമാനുള്ള, ജില്ലാ ട്രൈനീംഗ് ഓർഗനൈസർ യു. മുഹമ്മദ് റഊഫ് എന്നിവർ നേതൃത്വം നൽകി.
മെയ് 21നുള്ളിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സാങ്കേതിക പഠന ക്ലാസ്സുകൾ പൂർത്തിയാക്കും. സംസ്ഥാനത്തെ 14 ജില്ലകളിലും, മണ്ഡലങ്ങൾ ഏരിയകൾ കേന്ദ്രീകരിച്ചാണ് ക്ലാസ്സുകൾ സംഘടിപ്പിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ടവർ അവരുടെ നിയോജകമണ്ഡലങ്ങളുടെ ക്ലാസിൽ മുഖ്യ അപേക്ഷകനൊപ്പം ഒന്നിച്ചാണ് പങ്കെടുക്കേണ്ടത്. ക്ലാസ്സുകൾ സംബന്ധിച്ച അറിയിപ്പ് അതാത് ഹജ്ജ് ട്രെയിനർമാർ മുഖേന നൽകും.