ശാസ്ത്രരംഗത്തെ വികാസവും സാങ്കേതിക നേട്ടങ്ങളും സാധാരണക്കാരിൽ എത്തണമെന്ന് പട്ടികജാതി, പട്ടികവർഗ്ഗ, പിന്നാക്കക്ഷേമ ദേവസ്വം പാർലിമെന്ററി കാര്യ മന്ത്രി കെ രാധാകൃഷ്ണൻ. ചേലക്കര എസ്എംടി ഹയർ സെക്കൻഡറി സ്കൂളിൽ സമഗ്ര ശിക്ഷ കേരളം പദ്ധതി വഴി ഒരുക്കിയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് മുഴുവൻ ഇന്റർനെറ്റ് ലഭ്യത ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. സമൂഹത്തിന് പ്രയോജനകരമായ രീതിയിലുള്ള ശാസ്ത്ര വിദ്യകളുടെ ഉപയോഗം വേണമെന്നും മന്ത്രി പറഞ്ഞു.

വിദ്യാർത്ഥികൾക്ക് കാലാവസ്ഥയുമായി ബന്ധപ്പെട്ട വിവരങ്ങൾ ശാസ്ത്രീയമായി മനസ്സിലാക്കാനും വിശകലനം ചെയ്യാനും വിവരശേഖരണം നടത്താനും പുതിയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വഴി കഴിയും. 90000 രൂപ ചെലവിലാണ്‌ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചത്. പഞ്ചായത്തിലെ ദിനാന്തരീക്ഷ സ്ഥിതി, പരിസ്ഥിതി പ്രതിഭാസങ്ങൾ തുടങ്ങിയ വിവരങ്ങൾ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വഴി അറിയാനാകും. സംസ്ഥാനത്ത് 240ഓളം സ്കൂളുകൾക്ക് ഇത്തരം കേന്ദ്രങ്ങളുണ്ട്. ജ്യോഗ്രഫി പാഠ്യവിഷയമായി വരുന്ന ഹയർ സെക്കൻഡറി സ്കൂളുകളിലാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഒരുക്കിയത്.

പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷറഫ് അധ്യക്ഷനായി. എസ് എസ് കെ ഡയറക്ടർ ഡോ. ബിനോയ് എൻ ജെ പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം കെ പത്മജ, ജില്ലാ പഞ്ചായത്ത് അംഗം കെ ആർ മായ ടീച്ചർ എന്നിവർ വിശിഷ്ടാതിഥികളായി. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ പി ശ്രീജയൻ, പി കെ ജാനകി ടീച്ചർ, ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് കെ കെ സുമ, എം വി മനോജ് കുമാർ, വി വി ചാന്ദിനി തുടങ്ങിയവർ പങ്കെടുത്തു.
ചേലക്കര എസ് എം ടി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ എൻ സുനിത സ്വാഗതവും സ്കൂൾ കോർഡിനേറ്റർ എം ബേബി നന്ദിയും പറഞ്ഞു.