ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലയിൽ നടപ്പാക്കുന്ന “സമേതം – സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ സംസ്ഥാന തല ശിൽപ്പശാലയും സെമിനാറും പ്രദർശനവും കേരള സാഹിത്യ അക്കാദമി ഹാളിൽ  ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു.

സമേതം എന്ന പരിപാടി ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാ കുട്ടികളുടെയും അവകാശം എന്ന മുദ്രാവാക്യം പൂർണ്ണ അർത്ഥത്തിൽ സാക്ഷാത്കരിക്കാനുള്ള ശ്രമമായതിനാൽ ഏറെ സന്തോഷമുണ്ടെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് കൊണ്ട് മന്ത്രി പറഞ്ഞു.

സമഗ്ര വിദ്യാർത്ഥി സങ്കൽപ്പത്തിലെ ഒരു വിദ്യാർത്ഥിയെ എങ്ങനെ വളർത്തി കൊണ്ടു വരാം എന്ന ആലോചന ഹൃദ്യമായി സ്വാംശീകരിച്ച പദ്ധതിയാണ് സമേതം. വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കിയ പദ്ധതികളുടെ അടിസ്ഥാനത്തിൽ ദേശീയതലത്തിൽ തൃശ്ശൂരിനെ മികച്ച ആറ് ജില്ലകളിലൊന്നാക്കിയത് സമേതം പദ്ധതിയാണ്. ഇതിന് മുൻകൈ എടുത്ത ഏവരെയും അഭിനന്ദിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജം സർക്കാർ നടപ്പാക്കുമ്പോൾ അതിന്റെ ഭാഗമായി പൊതു വിദ്യാലയങ്ങൾ മാത്രമല്ല, എയ്ഡഡ് വിദ്യാലയങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ പദ്ധതികൾ തയ്യാറാക്കുകയും അത് നടപ്പാക്കുകയും ചെയ്തു. അക്കാദമിക് കെട്ടിടങ്ങൾ, ലൈബ്രറികൾ, ലാബ് തുടങ്ങിയവയെല്ലാം വികസിപ്പിച്ച് ഭൗതിക സാഹചര്യങ്ങളൊരുക്കി മുന്നോട്ട് പോകുന്നതിനൊപ്പം വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചും ചർച്ചകൾ ഉണ്ടാക്കുകയും തീരുമാനമെടുക്കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പരിപാടിയോടനുബന്ധിച്ച് നടന്ന സെമിനാർ പട്ടികജാതി പട്ടികവർഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവീസ് മാസ്റ്റർ അധ്യക്ഷനായി. തൃശ്ശൂർ വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി വി മദനമോഹനൻ, എസ് സി ഇ ആർ ടി ഡയറക്ടർ ഡോ. ആർ.കെ ജയപ്രകാശ്, തൃശൂർ ഡി ഇ ഒ പി വിജയകുമാരി, വടക്കേക്കാട് പ്രസിഡന്റ് ഫസലു അലി, ഡയറ്റ് പ്രിൻസിപ്പൽ ഡോ. എം ശ്രീജ, ജില്ലാ ആസൂത്രണ ഓഫീസർ എൻ.കെ ശ്രീലത, ഡോ. എം നാരായണനുണ്ണി, സമേതം – സമഗ്ര വിദ്യാഭ്യാസ പരിപാടി ജില്ലാ കോ-ഓഡിനേറ്റർ വി മനോജ് തുടങ്ങിയവർ പങ്കെടുത്തു.

സമേതം – സെമിനാറിൽ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ – ആരോഗ്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻ അഡ്വ. എ വി വല്ലഭൻ അധ്യക്ഷനായി. സമേതം പദ്ധതിയുടെ കൺവീനറായ ടി വി മദനമോഹനൻ റിപ്പോർട്ട് അവതരിപ്പിച്ചു. വിദ്യാഭ്യാസം – സംയോജിത പദ്ധതി ജില്ലാ ആസൂത്രണ സമിതി ചെയർമാൻ വി.എസ് പ്രിൻസ്, എസ് സി ഇ ആർ ടി റിസർച്ച് ഓഫീസർ ടി.വി വിനീഷ് തുടങ്ങിയവർ പങ്കെടുത്തു.

ശിൽപ്പശാല സമാപനം, യാത്രയയപ്പ് സമ്മേളനം എന്നിവയുടെ ഉദ്‌ഘാടനവും വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി.വി മദനമോഹനൻ രചിച്ച “നടന്നു തീരാത്ത വഴികൾ ” പുസ്തകത്തിന്റെ പ്രകാശനവും കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്തു. കേരള സാഹിത്യ അക്കാദമി നിർവ്വാഹക സമിതി അംഗം ഡോ. സി രാവുണ്ണി പുസ്തകം ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.എസ് ജയ അധ്യക്ഷയായി. ഈ വർഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന ജില്ലയിലെ വിദ്യാഭ്യാസ മേധാവികൾക്ക് കലക്ടർ വി ആർ കൃഷ്ണ തേജ ഉപഹാരം നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ് മാസ്റ്റർ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.