കുടുംബശ്രീ നടപ്പിലാക്കിയ മാതൃക പ്രവർത്തനങ്ങളിൽ കൂടുതൽ പഠന ഗവേഷണങ്ങൾ നടത്തണമെന്ന് ദേവസ്വം പട്ടികജാതി, പട്ടികവർഗ്ഗ, പിന്നാക്കക്ഷേമ, പാർലിമെന്ററികാര്യ മന്ത്രി കെ രാധാകൃഷ്ണൻ. ജില്ലാ പഞ്ചായത്തിന്റെ സാമ്പത്തിക സഹായത്തോടെ വള്ളത്തോൾ ഗ്രാമ പഞ്ചായത്തിലെ ചെറുതുരുത്തിയിൽ ആരംഭിച്ച കുടുംബശ്രീ പരിശീലന കേന്ദ്രത്തിന്റെയും ഷീ ലോഡ്ജിന്റെയും ഉദ്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ദാരിദ്ര്യലഘൂകരണം മുതൽ കുടുംബശ്രീ നടപ്പിലാക്കിയ മാതൃകാ പദ്ധതികൾ പഠനവിധേയമാക്കണം. ദാരിദ്ര്യത്തിന്റെ കെടുതി അനുഭവിക്കുന്നത് അമ്മമാരും സഹോദരിമാരുമാണ്. അവരെയാണ് കുടുംബശ്രീ ലക്ഷ്യമിട്ടത്. അതിദാരിദ്യം ഇല്ലായ്മ ചെയ്യുന്നതിൽ കുടുംബശ്രീ വലിയ പങ്ക് വഹിച്ചു. ഭാവിയിൽ കില പോലെ മികച്ചൊരു സ്ഥാപനമായി ഈ പരിശീലന കേന്ദ്രവും ഷീ ലോഡ്ജും മാറട്ടെ എന്നും മന്ത്രി ആശംസിച്ചു.

കുടുംബശ്രീ റസിഡൻഷ്യൽ പരിശീലനത്തിനായി ആരംഭിച്ച ആദ്യ സ്ഥാപനമാണ് ഷീ ലോഡ്ജ്. 5.5 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്. വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്തിന്റെ 70 സെന്റ് സ്ഥലത്താണ് പദ്ധതി നടപ്പാക്കുന്നത്. കോൺഫറൻസ് ഹാൾ, ഡോർമിറ്ററി, കിച്ചൻ, മെസ് ഹാൾ, ടോയ്ലറ്റുകൾ തുടങ്ങിയവ മൂന്ന് നിലയിൽ വരുന്ന 17372 സ്ക്വയർ ഫീറ്റ് വലിപ്പമുള്ള സ്ഥാപനത്തിൽ ഒരുക്കിയിട്ടുണ്ട്.ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി കെ ഡേവിഡ് മാസ്റ്റർ അധ്യക്ഷനായി. വൈസ് പ്രസിഡൻറ് ലത ചന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ടി സാബിറ, ദീപ എസ് നായർ, ജോസഫ് ടാജറ്റ്‌, എ വി വല്ലഭൻ, കെ എസ് ജയ, കെ ആർ ഗിരീഷ്, കെ വി സജു, ജലീൽ ആദൂർ, സുർജിത്ത്, ബ്ലോക്ക് പ്രസിഡൻറ് കെ എം അഷറഫ്, മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ പി രാധാകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷെയ്ഖ് അബ്ദുൾ ഖാദർ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി നിർമ്മലദേവി, രാജീവ് സോന, കെ ആർ ഗിരീഷ്, കുടുംബശ്രീ ചെയർപേഴ്സൺ ഐ ജി മിനി തുടങ്ങിയവർ പങ്കെടുത്തു.കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എസ് സി നിർമ്മൽ പദ്ധതി അവതരണം നടത്തി. ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി എം അഹമ്മദ് സ്വാഗതവും സെക്രട്ടറി ഇൻ ചാർജ് പ്രസന്നകുമാർ നന്ദിയും പറഞ്ഞു.