മന്ദലാംകുന്ന് ബീച്ച് ഫെസ്റ്റ് സാംസ്കാരിക സമ്മേളനം മന്ത്രി ഉദ്ഘാടനം ചെയ്തു
പുന്നയൂർ ഗ്രാമപഞ്ചായത്ത് ബീച്ച് ഡെവലപ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന മന്ദലാംകുന്ന് ബീച്ച് ഈദ് ഫെസ്റ്റിവലിന്റെ ഭാഗമായ സാംസ്കാരിക സമ്മേളനം പട്ടികജാതി പട്ടികവർഗ്ഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ മതേതരത്വവും മതസൗഹാർദവും നിലനിർത്താൻ ആഘോഷങ്ങൾ ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. എല്ലാ മനുഷ്യരും ഒത്തുചേരുന്ന ഇത്തരം പരിപാടികളാണ് കേരളത്തെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വേർതിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബീച്ച് ഈദ് ഫെസ്റ്റിവലിൽ വിവിധ കലാ സാംസ്കാരിക സദസ്സുകൾ, കാർണിവൽ തുടങ്ങി നിരവധി പരിപാടികളാണ് എല്ലാ ദിവസവും സംഘടിപ്പിക്കുന്നത്. ഏപ്രിൽ 30 വരെയാണ് ബീച്ച് ഈദ് ഫെസ്റ്റിവൽ.
ചടങ്ങിൽ പുന്നയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി സുരേന്ദ്രൻ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് സലീന നാസർ, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷമീം അഷറഫ്, വിശ്വനാഥൻ മാസ്റ്റർ, ബീച്ച് ഡവലപ്പ്മെന്റ് കമ്മിറ്റി കൺവീനർ മന്നലാംകുന്ന് അസീസ്, പഞ്ചായത്തംഗങ്ങൾ, കമ്മിറ്റി അംഗങ്ങൾ, ജനപ്രതിനിധികൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.