ഗതാഗതക്കുരുക്കിന് പരിഹാരമാകാൻ ബൈപാസ് വേണമെന്ന പേരാമ്പ്രക്കാരുടെ ചിരകാല സ്വപ്നം യാഥാർത്ഥ്യത്തിലേക്ക്. നിർമ്മാണം പൂർത്തീകരിച്ച പേരാമ്പ്ര ബൈപാസ് റോഡ് ഏപ്രിൽ 30 ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും.
കോഴിക്കോട് – കുറ്റ്യാടി സംസ്ഥാന പാതയിൽ കക്കാട് പള്ളിക്കടുത്തുനിന്ന് കല്ലോട് വരെ 2.78 കിലോമീറ്ററാണ് ബൈപാസ് നിർമ്മിച്ചത്. 12 മീറ്റർ വീതിയിൽ ആധുനിക നിലവാരത്തിലാണ് റോഡ് നിർമ്മിച്ചത്. വിവിധ ഇടങ്ങളിൽ ലിങ്ക്റോഡുകളുമുണ്ട്. അവസാന ഘട്ടങ്ങളിലായി നടന്നിരുന്ന ലൈറ്റ് സ്ഥാപിക്കല്‍, റോഡില്‍ ലൈനിടല്‍ തുടങ്ങിയ പ്രവൃത്തികള്‍ എല്ലാം പൂര്‍ത്തീകരിച്ചു. റിഫ്ലക്ടർ സ്ഥാപിക്കുന്നത് പുരോഗമിക്കുകയാണ്. ഡ്രൈനേജ്, കൾവേർട്ട്, റിട്ടെയ്നർ വാൾ സംവിധാനവും ഒരുക്കിയിട്ടുണ്ട്.
കിഫ്ബിയിൽ നിന്ന് അനുവദിച്ച 58.29 കോടി രൂപ ചെലവിലാണ് ബൈപാസിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷനാണ് പദ്ധതി നടത്തിപ്പ്. ഊരാളുങ്കൽ സൊസൈറ്റിക്കായിരുന്നു റോഡിന്റെ നിർമാണ ചുമതല.
ബെെപ്പാസ് റോഡിലേക്ക് പ്രവേശിക്കുന്ന കല്ലോട് ഭാഗത്തും കക്കാട് പള്ളിക്ക് സമീപത്തും ബെൽമൗത്തിന്റെ വിസ്തൃതി കൂട്ടുന്നതിനും ബൈപാസിൽ നിന്ന് പേരാമ്പ്ര ബസ് സ്റ്റാന്റിലേക്ക് പ്രവേശിക്കുന്നതിനായി ലിങ്ക് റോഡ് സ്ഥാപിക്കുന്നതിനുമായി 16 കോടി 72 ലക്ഷം രൂപയുടെ പ്രോപ്പോസൽ ആർ.ബി.ഡിസി മുഖേന കിഫ്ബിക്ക് സമർപ്പിച്ചിട്ടുണ്ട്.
ബൈപാസ് റോഡ് ഗതാഗതത്തിനായി തുറന്ന് നൽകുന്നതോടെ പേരാമ്പ്രയിലെത്തുന്നവർക്ക് ഗതാഗതക്കുരുക്കിൽ പെടാതെ യാത്ര ചെയ്യാം. പേരാമ്പ്രക്കാരുടെ പതിറ്റാണ്ടുകളായുള്ള ആവശ്യം ഇതോടെ സഫലമാവും. പേരാമ്പ്ര മേഖലയുടെ ഗതാഗത വികസനത്തിലും ബൈപാസ് സുപ്രധാന പങ്ക് വഹിക്കും.