എറണാകുളം ജനറല്‍ ആശുപത്രിയില്‍ നൂതന ഭാഗിക മുട്ട് മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. തേയ്മാനം വന്ന ഭാഗം മാത്രം മാറ്റി വയ്ക്കുന്ന ജര്‍മന്‍ സംവിധാനമായ ലിങ്ക് സ്ലെഡ് ഉപയോഗിച്ചാണ് ശസ്ത്രക്രിയ നടത്തിയത്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ സൂപ്പര്‍ സ്‌പെഷ്യലിറ്റി ബ്ലോക്ക് ഓപ്പറേഷന്‍ തീയേറ്ററില്‍ എല്ലുരോഗ വിഭാഗം മേധാവി ഡോ. തോമസ് മാമന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍.ഷാഹിര്‍ഷാ അറിയിച്ചു.

സാധാരണയായി മദ്ധ്യവയസ്‌കരില്‍ മുട്ടിന്റെ പകുതി ഭാഗത്തു മാത്രമാണ് തേയ്മാനം വരാറുള്ളത്. അവരില്‍ സമ്പൂര്‍ണ്ണ മുട്ടുമാറ്റിവക്കല്‍ ശസ്ത്രക്രിയ നടത്തുമ്പോള്‍ തേയ്മാനമില്ലാത്ത ഭാഗം കൂടി മാറ്റി വയ്‌ക്കേണ്ടി വരും. എന്നാല്‍ ലിഗമെന്റുകള്‍ എല്ലാം നിലനിര്‍ത്തിക്കൊണ്ടു തേയ്മാനം വന്ന ഭാഗം മാത്രമേ ലിങ്ക് സ്ലെഡ് ശസ്ത്രക്രിയയില്‍ മാറ്റി വയ്ക്കുന്നുള്ളു. അതിനാല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന രോഗിക്ക് രണ്ടുമൂന്നു ദിവസത്തിനകം പരസഹായം ഇല്ലാതെ നടക്കുന്നതിനും ഒരാഴ്ചക്കകം പടികള്‍ കയറുന്നതിനു സാധിക്കുമെന്ന് എല്ലു രോഗ വിഭാഗം മേധാവി ഡോ. തോമസ് മാമ്മന്‍ പറഞ്ഞു. മൂന്നു വര്‍ഷമായി കടുത്ത മുട്ടുവേദനയുമായി കഴിഞ്ഞിരുന്ന നാല്‍പത്തിയഞ്ചുകാരനിലാണ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്.

ഡോ.തോമസ് മാമന്റെ നേതൃത്വത്തില്‍ ടീം അംഗങ്ങളായ അനസ്‌തേഷ്യ വിഭാഗം ഡോ. അഞ്ചു രാജ്, ഡോ. മെര്‍ലിന്‍, നേഴ്‌സിങ് സ്റ്റാഫ് ആയ ഹരിമതി ശ്യാമള, ചിന്നു, ആശ, പ്രീണ്‍, ടെക്‌നീഷ്യന്മാരായ അശ്വതി, ബാബു ജോസഫ് എന്നിവര്‍ ശസ്ത്രക്രിയയില്‍ പങ്കെടുത്തു.