പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ്‌ പള്ളിയിലെ പെരുന്നാൾ നടത്തിപ്പുമായി ബന്ധപ്പെട്ടു കോട്ടയം റവന്യൂ ഡിവിഷണൽ ഓഫീസർ വിനോദ് രാജിന്റെ അധ്യക്ഷതയിൽ പള്ളി ഓഡിറ്റോറിയത്തിൽ അവലോകനയോഗം ചേർന്നു. പെരുന്നാൾ ദിനങ്ങളിൽ
മോഷണവും കുറ്റകൃത്യങ്ങളും തടയുന്നതിന് പള്ളിയുടെ മുഴുവൻ പ്രദേശങ്ങളിലും സി.സി.ടിവി സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കും. പെരുന്നാളിനോടനുബന്ധിച്ചുള്ള വെച്ചൂട്ട് സദ്യ, അപ്പം കോഴി നേർച്ച എന്നീ ചടങ്ങുകളിൽ ആൾത്തിരക്ക് നിയന്ത്രിക്കാൻ വിവിധ ഇടങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിക്കണമെന്നു പോലീസ് ചൂണ്ടിക്കാട്ടി. പള്ളിയും പരിസരങ്ങളും യാചകനിരോധനമേഖലയായി പ്രഖ്യാപിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു.

പുതുപ്പള്ളി ജോർജിയൻ സ്‌കൂൾ ഗ്രൗണ്ടും ഇരവിനല്ലൂർ ചിറയുമാണ് പള്ളിയിലെത്തുന്ന സന്ദർശകരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി നിശ്ചയിച്ചിട്ടുള്ളത്. അല്ലാത്തയിടങ്ങളിൽ പാർക്കിംഗ് കർശനമായി തടയും. ഇടറോഡുകളിൽ സാമൂഹികവിരുദ്ധ ശല്യം ഉണ്ടാകാതിരിക്കാൻ തെരുവു വിളക്കുകൾ തെളിയുന്നുണ്ടെന്ന് പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് ഉറപ്പാക്കും.

ആവശ്യം വരുന്നപക്ഷം ചങ്ങനാശേരി, മല്ലപ്പള്ളി ഡിപ്പോകളിൽ നിന്ന് കൂടുതൽ സർവീസ് നടത്തുമെന്ന് കെ.എസ്.ആർ.ടി.സി. അറിയിച്ചു. റൂട്ടിലോടുന്ന ബസുകൾ ആവശ്യപ്പെട്ടാൽ പെരുന്നാളിനോടനുബന്ധിച്ച് പ്രത്യേക സർവീസ് നടത്താൻ സ്‌പെഷ്യല്‍ പെർമിറ്റ് നൽകുമെന്നു മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. ആവശ്യമെങ്കിൽ കുടിവെള്ളം ടാങ്കർ ലോറികളിൽ എത്തിക്കാൻ സന്നദ്ധമാണെന്നു വാട്ടർ അതോറിട്ടി അറിയിച്ചിട്ടുണ്ട്. മാലിന്യങ്ങൾ വേർതിരിക്കുന്നതിന് ഹരിതകർമസേനയ്ക്കു പുറമേയുള്ള സംഘത്തെയും നിയോഗിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. ഹൈക്കോടതി അനുമതി നൽകിയ സാഹചര്യത്തിൽ കർശന സുരക്ഷാനടപടികളോടെ വെടിക്കെട്ട് നടത്തും.

പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പൊന്നമ്മ ചന്ദ്രൻ, കോട്ടയം തഹസീൽദാർ എസ്.എൻ. അനിൽകുമാർ, കോട്ടയം ഈസ്റ്റ് പോലീസ് സ്‌റ്റേഷൻ ഹൗസ് ഓഫീസർ യു. ശ്രീജിത്ത്, ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എസ്. സുധീഷ്‌കുമാർ, അഗ്നിസുരക്ഷ കോട്ടയം സ്‌റ്റേഷൻ ഓഫീസർ അനൂപ് പി. രവീന്ദ്രൻ, ആർ.സി.എച്ച്. ഓഫീസർ ഡോ. സി.ജെ. സിതാര, പുതുപ്പള്ളി പള്ളിവികാരി ഫാദർ. ഡോ. വർഗീസ് വർഗീസ്, സഹവികാരിമാരായ ഫാദർ കുര്യാക്കോസ് ഈപ്പൻ, ഫാദർ ബ്‌ളസൻ മാത്യൂ ജോസഫ്, ഫാദർ. വർഗീസ് പി. വർഗീസ്, ട്രസ്റ്റി ജേക്കബ് ജോർജ് എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഏപ്രിൽ 28 മുതൽ മേയ് എട്ട്‌ വരെയാണ് പുതുപ്പള്ളി പള്ളി പെരുന്നാൾ. ആറ്, ഏഴ്, എട്ട് തീയതികളിലാണ് പ്രധാനപെരുന്നാൾ ദിനങ്ങൾ. മേയ് നാലു മുതൽ എട്ടുവരെയുള്ള ദിവസങ്ങളിൽ പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങൾ ഉത്സവമേഖലയായി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.