ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷൻമാർക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു
നവകേരളം വൃത്തിയുള്ള കേരളം ക്യാമ്പയിൻ്റെ ആദ്യഘട്ട പ്രവർത്തനങ്ങൾ ജൂൺ അഞ്ചിന് മുമ്പ് പൂർത്തീകരിക്കാൻ ഒരുങ്ങി ജില്ലാ ഭരണകൂടം. ക്യാമ്പയിൻ വിജയകരമായി പൂർത്തിയാക്കുന്നതിന്റെ ഭാഗമായി കില റിസോഴ്സ് പേഴ്സൺമാരുടെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷൻമാർക്ക് ജില്ലാതല പരിശീലന പരിപാടി സംഘടിപ്പിച്ചു.
നവകേരളം വൃത്തിയുള്ള കേരളം ക്യാമ്പയിൻ എല്ലാവരുടേയും കൂട്ടായ പങ്കാളിത്തത്തോടെ കൂടുതൽ ജനകീയമാക്കണമെന്ന് പരിശീലന പരിപാടിയിൽ പങ്കെടുത്തുകൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ് പറഞ്ഞു. ക്യാമ്പയിൻ സംബന്ധിച്ച് ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കണം. ഓരോ പഞ്ചായത്തിലും വാർഡ് അടിസ്ഥാനത്തിൽ ഗ്രാമ സഭകൾ ചേരണം. മാലിന്യ സംസ്കരണം ശരിയായ രീതിയിൽ നടപ്പിലാക്കാൻ എന്തെല്ലാം നടപടികൾ സ്വീകരിക്കണമെന്നും വിലയിരുത്തണം. മാലിന്യം ഉറവിടത്തിൽ തന്നെ സംസ്കരിക്കാൻ ബയോ ബിൻ ഉറപ്പാക്കണം. ബയോബിൻ ഉപയോഗത്തിൽ ജനങ്ങൾക്ക് പരിശീലനം നൽകണമെന്നും അദ്ദേഹം പറഞ്ഞു.
നവകേരളം വൃത്തിയുള്ള കേരളം ക്യാമ്പയിൻ വിജയകരമായി പൂർത്തീകരികന്നതിന് ജനപ്രതിനിധികളുടെ പൂർണ്ണ പിന്തുണ ആവശ്യമാണെന്ന് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് പറഞ്ഞു. ജില്ലയിലെ മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കണം. ജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കുക, അജൈവമാലിന്യങ്ങൾ, പാഴ് വസ്തുക്കൾ എന്നിവയുടെ വാതിൽപ്പടി ശേഖരണം ഉറപ്പാക്കുക, പൊതുവിടങ്ങളിലെ മാലിന്യം നീക്കം ചെയ്യുന്നതിനോടൊപ്പം അവിടെ മാലിന്യങ്ങൾ വീണ്ടും വലിച്ചെറിയാതിരിക്കുന്നതിനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുക, ജലസ്രോതസ്സുകൾ ശുചീകരിക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് ആദ്യഘട്ടത്തിൽ ജില്ലയിൽ ക്യാമ്പയിന്റെ ഭാഗമായി നടപ്പിലാക്കുന്നതെന്നും കളക്ടർ പറഞ്ഞു.
പൊതു ഇടങ്ങളില്‍ മാലിന്യം വലിച്ചെറിയാതിരിക്കാനുളള സന്ദേശം ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ഹരിത കേരളം മിഷന്‍, ശുചിത്വമിഷന്‍, എന്നിവയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിശീലന പരിപാടിയിൽ തദ്ദേശസ്വയം ഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ പി.എം ഷെഫീഖ്, ജില്ലാ പ്ലാനിങ് ഓഫീസർ പി.എ ഫാത്തിമ, ശുചിത്വ മിഷൻ ജില്ലാ കോ-ഓഡിനേറ്റർ പി.എച്ച് ഷൈൻ, ഹരിത കേരളം മിഷൻ ജില്ലാ കോ-ഓഡിനേറ്റർ എസ് രഞ്ജിനി, ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ പ്രതിനിധികൾ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രതിനിധികൾ, നഗരസഭ- ബ്ലോക്ക് പഞ്ചായത്ത്-ഗ്രാമ പഞ്ചായത്ത് അധ്യക്ഷന്മാർ തുടങ്ങിയവർ പങ്കെടുത്തു.