മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത്  കേരളത്തിലുണ്ടായിക്കൊണ്ടിരിക്കുന്നത് വലിയ മുന്നേറ്റമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്  പറഞ്ഞു. കോന്നി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ അക്കാദമിക്ക് ബ്ലോക്ക് ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് ചരിത്രനേട്ടം കൈവരിക്കുവാന്‍ കഴിഞ്ഞ വര്‍ഷം കേരളത്തിനു സാധിച്ചു. രണ്ട് മെഡിക്കല്‍ കോളജുകളില്‍ പുതുതായി നൂറ് എം.ബി.ബി.എസ് സീറ്റുകള്‍ നേടുവാന്‍ സാധിച്ചു. മഞ്ചേരി, പാരിപ്പള്ളി മെഡിക്കല്‍ കോളജുകളില്‍ പി.ജി വിദ്യാഭ്യാസം ആരംഭിച്ചു. രണ്ടു സര്‍ക്കാര്‍ നഴ്‌സിംഗ് കോളജുകള്‍ ആരംഭിച്ചു. ഉന്നത വിദ്യാഭ്യാസ രംഗത്തിന് സര്‍ക്കാര്‍ നല്‍കുന്ന വലിയ പ്രാധാന്യമാണ് മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തും വലിയ മാറ്റം കൊണ്ടുവരാന്‍ കഴിഞ്ഞത്. സര്‍ക്കാര്‍ ആശുപത്രികളില്‍ നൂതന ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. കാന്‍സര്‍ ചികിത്സയ്ക്ക് സംസ്ഥാനത്ത് റോബോട്ടിക് സംവിധാനവും ആരംഭിച്ചു. സെര്‍വി സ്‌കാന്‍ പദ്ധതി സര്‍ജിക്കല്‍ കാന്‍സറുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിക്കും. കോന്നി മെഡിക്കല്‍ കോളജ് ആശുപത്രി പൂര്‍ണതോതില്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ശ്രമം സര്‍ക്കാര്‍ നടത്തുകയാണെന്നും മന്ത്രി പറഞ്ഞു.

കോന്നിയുടെ അഭിമാനമായി മെഡിക്കല്‍ കോളജ് നിലനില്‍ക്കുന്നതിനു കാരണം സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ജവമായ പ്രവര്‍ത്തനമാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കേരളത്തിന്റെ ആരോഗ്യരംഗം മികച്ച രീതിയില്‍ മുന്നോട്ടു കൊണ്ടു പോകുന്നതില്‍ സര്‍ക്കാര്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങളുടെ ഏറ്റവും വലിയ ഉദാഹരണമാണ് കോന്നി മെഡിക്കല്‍ കോളജ് എന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. നാടിനും രാജ്യത്തിനും അഭിമാനമായി കോന്നി മെഡിക്കല്‍ കോളജ് മാറുമെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു.

അനുദിനം അതിവേഗം ആരേയും അതിശയിപ്പിക്കുന്ന നിലയിലാണ് കോന്നി മെഡിക്കല്‍ കോളജിന്റെ വളര്‍ച്ചയെന്ന് അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. വികസനത്തിന്റെ പുതിയ മുഖം നല്‍കിയ സര്‍ക്കാരാണ് ഇപ്പോഴുള്ളതെന്നും എംഎല്‍എ പറഞ്ഞു. നാല് നിലകളിലായി 1,65,000 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണത്തിലാണ് അക്കാദമിക്ക് ബ്ലോക്ക് നിര്‍മിച്ചിരിക്കുന്നത്.  വിവിധ ഡിപ്പാര്‍ട്ട്മെന്റുകള്‍, ക്ലാസ് മുറികള്‍, ഹാളുകള്‍, ലബോറട്ടറി, ലൈബ്രറി തുടങ്ങി കേരളത്തിലെ തന്നെ ഏറ്റവും സൗകര്യമുള്ള അക്കാദമിക്ക് ബ്ലോക്കാണ് കോന്നിയില്‍ പ്രവര്‍ത്തനസജ്ജമായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.