തിരുവല്ലയിലെ ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിലെ നവീകരിച്ച പ്ലാന്റ് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് സന്ദര്‍ശിച്ചു. പുതിയതായി സ്ഥാപിച്ചിട്ടുള്ള 71,000 ലിറ്റര്‍ വീതം ശേഷിയുള്ള നാല് ബ്ലെന്‍ഡിങ് ടാങ്കുകളുടേയും രണ്ട് ബോട്ടിലിംഗ് ലൈനുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും പരീക്ഷണ പ്രവര്‍ത്തനം മന്ത്രി വിലയിരുത്തി. ഇവ പ്രവര്‍ത്തന സജ്ജമാക്കുന്നതോടുകൂടി പ്ലാന്റില്‍ ഉത്പാദിപ്പിക്കുന്ന ഇന്ത്യന്‍ നിര്‍മിത വിദേശമദ്യമായ ജവാന്‍ റം നിലവില്‍ ദിവസം 8000 കേയ്‌സ്  എന്നതില്‍ നിന്ന് 15,000 കേയ്‌സായി  ഉയര്‍ത്തുവാന്‍ കഴിയും. എക്‌സൈസ് വകുപ്പിന്റെ ലൈസന്‍സ് ലഭ്യമാക്കി  മറ്റ് നടപടികള്‍ പൂര്‍ത്തിയാക്കി ഒരു മാസത്തിനകം പ്ലാന്റ്  ഉയര്‍ന്ന ശേഷിയില്‍  പ്രവര്‍ത്തന സജ്ജമാകും.

സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ യോഗേഷ് ഗുപ്ത, അഡ്മിനിസ്‌ട്രേഷന്‍ ജനറല്‍ മാനേജര്‍ ടി.കെ. വിശ്വനാഥന്‍, ഫിനാന്‍സ് ജനറല്‍ മാനേജര്‍ സി.യു. അഭിലാഷ്, ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ്  ജനറല്‍ മാനേജര്‍ ഇന്‍ ചാര്‍ജ് ജോയല്‍ വര്‍ഗീസ് തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു. ഉദ്യോഗസ്ഥതല യോഗവും മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു.