കേരളം എല്ലാ തലത്തിലും വികസനകുതിപ്പോടെ മുന്നേറിക്കൊണ്ടിരിക്കുകയാണെന്ന് ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അതിദാരിദ്ര്യ നിര്‍മാര്‍ജനം മൈക്രോപ്ലാന്‍ രൂപീകരണത്തിന്റേയും അവകാശം അതിവേഗം പദ്ധതിയുടെ പൂര്‍ത്തീകരണത്തിന്റെയും സംസ്ഥാനതല പ്രഖ്യാപന ചടങ്ങില്‍ അതിദരിദ്രര്‍ക്കുള്ള ഉപജീവന ഉപാധി വിതരണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

രണ്ടാം പിണറായി സര്‍ക്കാര്‍ അതിസൂക്ഷ്മമായി അതിജാഗ്രതയോടെ കേരളത്തിലെ ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നതിനായി ആത്മാര്‍ത്ഥമായ പരിശ്രമമാണ് നടത്തി വരുന്നത്. അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയുമായി ബന്ധപ്പെട്ട് ഓരോ കുടുംബത്തിലേയും പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും അതിന് മുന്‍കൈ എടുക്കുന്ന സംസ്ഥാന സര്‍ക്കാര്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും ഡെപ്യുട്ടി സ്പീക്കര്‍ പറഞ്ഞു.