നാട്ടുജീവിതത്തിന്റെ സ്വാഭാവികത ഒപ്പിയെടുത്ത സവിശേഷമായ അഭിനയശൈലിയുടെ ഉടമയായിരുന്നു മാമുക്കോയയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അുശോചന സന്ദേശത്തിൽ പറഞ്ഞു. കോഴിക്കോടൻ തനിമയുള്ള അഭിനയരീതിയും സംഭാഷണ ചാതുര്യവും നർമ്മബോധവും മാമുക്കോയയെ വ്യത്യസ്തനാക്കി. നാടക രംഗത്തു കൂടി ചലച്ചിത്ര രംഗത്തെത്തി ആസ്വാദക ഹൃദയങ്ങളിൽ മായാത്ത സ്ഥാനം ഉറപ്പിച്ച അദ്ദേഹത്തിന്റെ വേർപാട് കേരള സാംസ്‌കാരിക രംഗത്തിന് നികത്താനാകാത്ത നഷ്ടമാണ്. മലയാള സിനിമയുടെ മാത്രമല്ല മലയാളിയുടെതന്നെ ഒരു കാലഘട്ടത്തിന്റെ ചിരിയാണ് മാമുക്കോയയുടെ വിയോഗത്തിലൂടെ മായുന്നത്. കേരളീയ ജീവിതത്തിൽ എക്കാലവും ഓർമ്മിക്കപ്പെടുന്ന അനേകം കഥാപാത്രങ്ങളെ അദ്ദേഹം സംഭാവന ചെയ്തിട്ടുണ്ട്.
കെ.ടി. മുഹമ്മദിന്റെ അടക്കം പ്രസിദ്ധ നാടകങ്ങളിലൂടെതന്നെ ജനമനസ്സുകളിൽ പതിഞ്ഞ കലാകാരനായിരുന്നു. റാംജിറാവു സ്പീക്കിംഗ്, നാടോടിക്കാറ്റ്, തലയണമന്ത്രം തുടങ്ങിയ ചിത്രങ്ങളിലൂടെ ചലച്ചിത്ര പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി. നാലര പതിറ്റാണ്ട് നീണ്ടു നിന്ന ചലച്ചിത്ര ജീവിതത്തിലൂടെയും അതിനു മുമ്പത്തെ നാടക പ്രവർത്തനത്തിലൂടെയും മാമുക്കോയ അഭിനയ കലാരംഗത്തെ വിദ്യാർത്ഥികൾക്കു മുന്നിൽ വിലപ്പെട്ട പാഠപുസ്തമായി മാറിയെന്ന് മുഖ്യമന്ത്രി ഓർമിച്ചു. ചലച്ചിത്ര പ്രേമികളുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
മാമുക്കോയയുടെ നിര്യാണത്തിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് അനുശോചിച്ചു
മലയാള സിനിമാലോകത്ത് സ്വതസിദ്ധമായ ശൈലിയിലൂടെ അടയാളപ്പെടുത്തിയ മാമുക്കോയയുടെ വേർപാടിൽ പൊതുമരാമത്ത് – ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അനുശോചനം രേഖപ്പെടുത്തി. സിനിമയിൽ കോഴിക്കോടൻ തനിമയുടെ മുഖമായിരുന്നു മാമുക്കോയ. നാടകത്തിലൂടെ സിനിമയിലെത്തിയ മാമുക്കോയ വ്യത്യസ്തമായ ഹാസ്യ ശൈലിയിലൂടെ സിനിമയിൽ സ്ഥാനമുറപ്പിക്കുകയായിരുന്നു. അഭിനയത്തിലും ജീവിതത്തിലുമുള്ള സ്വാഭാവികതയാണ് മാമുക്കോയയെ വ്യത്യസ്തനാക്കിയത്. ആ സ്വാഭാവികതയിലൂടെ കഥാപാത്രങ്ങളെ ജീവസുറ്റതാക്കാൻ മാമുക്കോയയിലെ പ്രതിഭയ്ക്ക് കഴിഞ്ഞു. മനസിൽ എന്നെന്നും നിലനിൽക്കുന്ന ഒട്ടേറെ കഥാപാത്രങ്ങൾ അദ്ദേഹം അടയാളപ്പെടുത്തി. കലാ സാംസ്‌കാരിക മേഖലയ്ക്ക് തീരാനഷ്ടമാണ് ഈ വേർപാട്. കലാ ലോകത്തിന്റെയും കുടുംബാംഗങ്ങലുടെയും ദുഃഖത്തിൽ പങ്കു ചേരുന്നതായും മന്ത്രി റിയാസ് പറഞ്ഞു.
മാമുക്കോയയുടെ നിര്യാണത്തിൽ മന്ത്രി ആന്റണി രാജു അനുശോചിച്ചു
പ്രശസ്ത സിനിമാതാരം മാമുക്കോയയുടെ നിര്യാണത്തിൽ ഗതാഗത മന്ത്രി ആന്റണി രാജു അനുശോചനം അറിയിച്ചു. മലബാറിലെ ഗ്രാമീണ നിഷ്‌കളങ്കതയോടെ നാലു പതിറ്റാണ്ട് കാലം മലയാളികളെ ചിരിപ്പിച്ച അനുഗ്രഹീത ചലച്ചിത്രകാരനായിരുന്നു അദ്ദേഹം. എന്നും ഓർമ്മയിൽ നിറഞ്ഞുനിൽക്കുന്ന നിരവധി കഥാപാത്രങ്ങളെയും കഥാസന്ദർഭങ്ങളെയും നമുക്കായി ബാക്കി വെച്ചിട്ടാണ് മാമുക്കോയ മൺമറയുന്നത്. ശ്രദ്ധേയമായ പല സിനിമകളിൽ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച മാമുക്കോയയുടെ നിര്യാണം മലയാള സിനിമാവേദിക്ക് വലിയ നഷ്ടമാണ്. കുടുംബാംഗങ്ങളോടൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നതായി മന്ത്രി ആന്റണി രാജു പറഞ്ഞു.
നടൻ മാമുക്കോയയുടെ നിര്യാണത്തിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ അനുശോചിച്ചു
പ്രശസ്ത ചലച്ചിത്ര നടൻ മാമുക്കോയയുടെ നിര്യാണത്തിൽ തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ അനുശോചിച്ചു. കോഴിക്കോടിന്റെ നാടക പാരമ്പര്യത്തിൽ നിന്ന് സിനിമാ വേദിയിലെത്തിയവരുടെ നിരയിൽ എന്നെന്നും തിളങ്ങി നിൽക്കുന്ന പേര് തന്നെയാണ് മാമുക്കോയയുടേതെന്ന് മന്ത്രി പറഞ്ഞു. സാധാരണക്കാരോട് അടുത്ത് ഇടപഴകിയ വ്യക്തിയെന്ന നിലയിൽ കഥാപാത്രങ്ങളെ ഉൾക്കൊണ്ടുള്ള അഭിനയം അദ്ദേഹത്തിന് അനായാസമായി. കോഴിക്കോടിന്റെ തനത് ഭാഷാശൈലി സകലമലയാളികൾക്കും ഒരു പോലെ മനസ്സിലാക്കുന്നതിനും ആസ്വദിക്കുന്നതിനും അദ്ദേഹത്തിന്റെ അഭിനയ മികവിലൂടെ സാധിച്ചു.
മലയാള സിനിമയുടെ കലാകിരീടത്തിലെ തിളങ്ങുന്ന ഒരു രത്നം തന്നെയാണ് പൊഴിഞ്ഞു പോയിരിക്കുന്നതെന്ന് അനുശോചന സന്ദേശത്തിൽ മന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ മന്ത്രി പങ്കുചേർന്നു.