അഷ്ടമുടി കായലിനെ വീണ്ടെടുക്കാനുള്ള വിവിധ പദ്ധതികളുടെ നിര്‍മാണോദ്ഘാടനം ഇന്ന് (ഏപ്രില്‍ 27) വൈകിട്ട് 3.30ന് തദ്ദേശസ്വയംഭരണ മന്ത്രി എം ബി രാജേഷ് നിര്‍വഹിക്കും. ആശ്രാമം ലിങ്ക് റോഡില്‍ നടത്തുന്ന പരിപാടിയില്‍ ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അധ്യക്ഷനും മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി മുഖ്യാതിഥിയാകും.

‘ജീവനാണ് അഷ്ടമുടി ജീവിക്കണം അഷ്ടമുടി’ എന്ന സന്ദേശം ഉയര്‍ത്തി കോര്‍പ്പറേഷന്റെ നേതൃത്വത്തിലുള്ള പദ്ധതിയുടെ ഒന്നാം ഘട്ടത്തിനാണ് തുടക്കമാകുന്നത്. കടവുകളുടെ ശുചീകരണം, സിസിടിവി കാമറ സ്ഥാപിക്കല്‍, ഡ്രഡ്ജിങ്, ഫ്‌ളോട്ടിങ് ഗാര്‍ഡന്‍, മ്യൂസിക്കല്‍ ഫൗണ്ടന്‍ എന്നിവ ഉള്‍പ്പടെ 7.45 കോടി രൂപയുടെ നിര്‍മാണോദ്ഘാടനമാണ് നിര്‍വഹിക്കുന്നത്.

എന്‍ കെ പ്രേമചന്ദ്രന്‍ എംപി, എംഎല്‍എ മാരായ എം മുകേഷ്, പി എസ് സുപാല്‍, എം നൗഷാദ്, സുജിത് വിജയന്‍പിള്ള, പി സി വിഷ്ണുനാഥ്, കോവൂര്‍ കുഞ്ഞുമോന്‍, മേയര്‍ പ്രസന്ന ഏണസ്റ്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍, ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍, തീരദേശ വികസന കോര്‍പറേഷന്‍ എംഡി പി ഐ ഷെയ്ക്ക് പരീത്, ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു,  തദ്ദേശസ്വയംഭരണ സ്ഥാപന ഭാരവാഹികള്‍, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.