കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ഒമ്പതാമത് ദേശീയ സരസ് മേളയ്ക്ക് ആശ്രാമം മൈതാനിയില്‍ ഇന്ന് (ഏപ്രില്‍ 27) തുടക്കമാകും. വൈകിട്ട് അഞ്ചിന് തദ്ദേശസ്വയംഭരണമന്ത്രി എം ബി രാജേഷ് ഉദ്ഘാടനം നിര്‍വഹിക്കും. ഇതിന് മുന്നോടിയായി മൂന്ന് മുതല്‍ കുടുംബശ്രീയുടെ മെഗാ തിരുവാതിര അരങ്ങേറും.
മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി അധ്യക്ഷയാകും. സരസ് എക്സിബിഷന്‍ പവലിയന്‍ ഉദ്ഘാടനം എം മുകേഷ് എം എല്‍ എയും കഫേ കുടുംബശ്രീ ഇന്ത്യ ഫുഡ്കോര്‍ട്ട് ഉദ്ഘാടനം മേയര്‍ പ്രസന്ന ഏണസ്റ്റും നിര്‍വഹിക്കും. എംപി മാരായ എന്‍ കെ പ്രേമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, എ എം ആരിഫ്, എം എല്‍ എ മാരായ എം നൗഷാദ്, പി എസ് സുപാല്‍, ഡോ സുജിത് വിജയന്‍പിള്ള, കെ ബി ഗണേഷ്‌കുമാര്‍, ജി എസ് ജയലാല്‍, കോവൂര്‍ കുഞ്ഞുമോന്‍, പി സി വിഷ്ണുനാഥ്, സി ആര്‍ മഹേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക്, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷര്‍മിള മേരി ജോസഫ്, ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
വൈകിട്ട് ഏഴ് മുതല്‍ ഐഡിയ സ്റ്റാര്‍ സിംഗര്‍ വിജയി റിതുകൃഷ്ണന്റെ നേതൃത്വത്തില്‍ സംഗീത പരിപാടി അവതരിപ്പിക്കും.
മെയ് ഏഴ് വരെ നടത്തുന്ന മേളയില്‍ 28 സംസ്ഥാനങ്ങളില്‍ നിന്നും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള സംരംഭകര്‍ പങ്കെടുക്കും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിഭവങ്ങളുടെ പ്രദര്‍ശനത്തിനും വിപണത്തിനുമായി 250ല്‍ പരം വിശാലമായ ശീതീകരിച്ച സ്റ്റാളുകളാണ് ഒരുക്കിയിരിക്കുന്നത്. മേളയുടെ ഭാഗ്യചിഹ്നമായ നീലു കടുവയുമായി കുട്ടികള്‍ക്ക് ഉല്ലസിക്കാന്‍ പ്രത്യേക കിഡ്സ് സോണും രാജ്യത്തെ രുചി വൈവിധ്യങ്ങള്‍ അനുഭവിച്ചറിയാന്‍ മുപ്പതില്‍പരം ഭക്ഷണ സ്റ്റാളുകള്‍ ഫുഡ് കോര്‍ട്ടിലും ക്രമീകരിച്ചിട്ടുണ്ട്.
പ്രചരണത്തിന്റെ ഭാഗമായി കൊട്ടിയത്തുനിന്ന് ആരംഭിച്ച ദീപശിഖ റാലി എം നൗഷാദ് എം എല്‍ എ ഫ്‌ളാഗ് ഓഫ് ചെയ്തു. മേയര്‍ പ്രസന്ന ഏണസ്റ്റ് പ്രദര്‍ശന നഗരിയില്‍ ഏറ്റുവാങ്ങി.
മേളയില്‍ പങ്കെടുക്കുന്നതിനായി ഹരിയാന, ഗുജറാത്ത്, മേഘാലയ, ആന്ധ്രാപ്രദേശ്, ആസാം, അരുണാചല്‍ പ്രദേശ്, ചത്തീസ്ഗഡ്, ഗോവ, ഹിമാചല്‍ പ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, പഞ്ചാബ്, പോണ്ടിച്ചേരി, രാജസ്ഥാന്‍, തമിഴ്നാട്, തെലുങ്കാന, ത്രിപുര, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള സംരംഭകരും അവരുടെ ഉത്പന്നങ്ങളും എത്തികഴിഞ്ഞു.
ഇടനിലക്കാര്‍ ഇല്ലാതെ അവരുടെ ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിനും മികച്ച വിപണി ഉറപ്പാക്കുന്നതിനും വിവിധ സംസ്ഥാനങ്ങളിലെ, കലാപരവും സാംസ്‌കാരികവും പരമ്പരാഗതവുമായ പൈതൃക മൂല്യങ്ങളെ അടുത്തറിയുന്നതിന് കൂടി മേള അവസരം ഒരുക്കുന്നു. സംരംഭകര്‍ക്കും പൊതുജനങ്ങള്‍ക്കും പ്രവേശനം സൗജന്യമാണ്.