100 കോടിയുടെ ബിസിനസ് അവസരം

‘എന്റെ കേരളം’ മെഗാ പ്രദര്‍ശന വിപണന മേളയില്‍ വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന ‘ബി ടു ബി’ ജില്ലയിലെ സംരംഭകര്‍ക്ക് വഴികാട്ടിയാവുന്നു. ഉത്പ്പാദകരെയും ഉപഭോക്താക്കളെയും ഒന്നിപ്പിച്ച് ജില്ലയില്‍ ആദ്യമായി നടക്കുന്ന ബി ടു ബി മീറ്റ് സംരംഭകര്‍ക്ക് ഇതുവരെ 100 കോടിയിലധികം രൂപയുടെ ബിസിനസ് അവസരമൊരുക്കി.

കെ.എസ്.ഐ.ഡി.സിയ്ക്ക് 106 കോടിയലിധികം രൂപയുടെ എം.എസ്.എം.ഇ ലോണ്‍ പ്രൊപ്പാസലും ജില്ലാ വ്യവസായ കേന്ദ്രം വഴി നല്‍കുന്ന ചെറുകിട ലോണുകള്‍ക്കായി 50 കോടിയിലധികം രൂപയുടെ പ്രൊപ്പോസലും ഇതുവരെ മീറ്റിലൂടെ ലഭിച്ചു. വരും ദിവസങ്ങളിലും കൂടുതല്‍ ബിസിനസ് അവസരം ഒരുക്കാനുളള ശ്രമത്തിലാണ് വ്യവസായ വകുപ്പ്. ഇതര സംസ്ഥാനത്ത് നിന്നും മറ്റ് ജില്ലകളില്‍ നിന്നുമുളള സംരംഭകരും ബിസിനസ് മീറ്റില്‍ പങ്കെടുക്കാനെത്തുന്നത് ജില്ലയിലെ സംരഭകര്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. വിവിധ മേഖലയിലെ 84 സംരംഭകരാണ് ഇതു വരെ മീറ്റില്‍ എത്തിയത്. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ലിസിയാമ്മ സാമുവലാണ് ബിസിനസ് മിറ്റിന് നേതൃത്വം നല്‍കുന്നത്.

പ്രദര്‍ശന നഗരിയില്‍ 1600 ചതുരശ്ര അടിയില്‍ തയ്യാറാക്കിയ പ്രത്യേക പവലിയനിലാണ് മീറ്റ്. ഓരോ ദിനവും വ്യത്യസ്ത മേഖലയിലാണ് ബി ടു ബി നടക്കുന്നത്. മേളയിലെ ആദ്യ ദിനത്തില്‍ തന്നെ നാല് കോടിയുടെ ബിസിനസ് ധാരണയായി. ഭക്ഷ്യ മേഖലയിലും കരകൗശല മേഖലയിലുമായിരുന്നു ഇടപാടുകള്‍. രണ്ടാം ദിനത്തില്‍ കാര്‍ഷിക ഉത്പന്നങ്ങളും സുഗന്ധ വ്യഞ്ജന മേഖലയിലും നടന്ന മീറ്റില്‍ 2 കോടിയുടെ ധാരണയായി. കാര്‍ഷിക ഉത്പന്നങ്ങള്‍ ഡയറി, ഉത്പന്നങ്ങള്‍, കരകൗശല സുഗന്ധ വ്യജ്ഞന മേഖലയിലായിരുന്നു മൂന്നാം ദിനത്തിലെ മീറ്റ്. കുടുംബശ്രി ഉത്പന്നങ്ങള്‍ക്കും ചെറുകിട സംരംഭംങ്ങള്‍ക്കുമായിരുന്നു നാലാം ദിനം. ഇന്നലെ കരകൗശല വിഭാഗത്തിലാണ് മീറ്റ് നടന്നത്. കേരളത്തില്‍ ഏറ്റവും അധികം പാല്‍ ഉത്പാദിപ്പിക്കുന്ന ജില്ലകളിലൊന്നാണെങ്കിലും ആവശ്യക്കാരുടെ ആവശ്യകത അനുസരിച്ച് ഉത്പാദനം കുറവാണെന്ന് കണ്ടെത്തലും മീറ്റിലുണ്ടായി. ഫാഷന്‍ഫ്രൂട്ട്, പഴംവര്‍ഗ്ഗങ്ങള്‍ , ഏലം, മറ്റു സുഗന്ധ വൃജ്ഞനങ്ങള്‍ എന്നിവയും ഡിമാന്റിന് അനുസരിച്ച് പ്രദാനം ചെയ്യാനും ജില്ലയിലെ സംരംഭകര്‍ക്ക് കഴിയുന്നുണ്ടായിരുന്നില്ല. വ്യവസായ രംഘത്തെ സാധ്യതകള്‍ക്കനുസരിച്ച് ഉല്‍പന്നങ്ങള്‍ ലഭ്യമാക്കാനുളള ഇടപെടലുകള്‍ നടത്താന്‍ വ്യവസായ വകുപ്പ് ലക്ഷ്യമിടുന്നു.

ചെറുകിട സംരംഭകര്‍ക്ക് ഏറെ പ്രതീക്ഷ പകരുന്നതാണ് എന്റെ കേരളം പ്രദര്‍ശന മേളയിലെ ബി. ടു ബി മീറ്റെന്ന് കോട്ടയത്ത് നിന്നെത്തിയ സംരംഭകന്‍ ഷാജി മാത്യൂ പറഞ്ഞു. സംരംഭകര്‍ക്ക് വിപണന സൗകര്യമൊരുക്കി നല്‍ക്കുന്ന സര്‍ക്കാറിന്റെ ഇത്തരം ഇടപെടലുകള്‍ മാതൃകാപരമെന്നും അദ്ദേഹം പറഞ്ഞു. എസ്.എം.ഇ വായ്പകള്‍ക്ക് പുറമെ ഏത് തരത്തിലുള്ള വായ്പയ്ക്കും ബി ടു ബിയിലൂടെ അപേക്ഷിക്കാം. ബാങ്കിന്റെ മറ്റ് സേവനങ്ങളും ലഭ്യമാകും. വിദ്യാര്‍ത്ഥികള്‍ സംരംഭകത്വം വളര്‍ത്തുന്നതിനായി പ്ലസ് ടു, കോളേജ് തലത്തില്‍ സ്ഥാപിച്ചിട്ടുള്ള എന്റെര്‍പ്രണര്‍ ക്ലബുകളുടെ വിവിധ പരിപാടികളും ക്വിസ് മത്സരങ്ങളും മേളയില്‍ നടക്കും. ‘പ്രധാന മന്ത്രി ഫോര്‍മുലൈസേഷന്‍ ഓഫ് മൈക്രോ ഫുഡ് പ്രോസസിംഗ് എന്റര്‍പ്രൈസസ്’ പദ്ധതിയുടെയും അഗ്രി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫണ്ടിന്റെ ‘ഒരു കുടുംബം ഒരു സംരംഭം’ പദ്ധതിയുടെയും പ്രത്യേക വായ്പാ മേളകള്‍ ബി ടു ബിയില്‍ ഉണ്ട്. വ്യവസായ വാണിജ്യ വകുപ്പിലൂടെ നടപ്പിലാക്കുന്ന സംരംഭക സഹായ പദ്ധതി, പ്രൈം മിനിസ്റ്റര്‍ എംപ്ലോയ്‌മെന്റ് ജനറേഷന്‍ പ്രോഗ്രാം, ആശ പദ്ധതി, വണ്‍ ഫാമിലി വണ്‍ എന്റര്‍പ്രൈസസ്, പി.എം.എഫ്.എം.ഇ, സിക്ക് യൂണിറ്റ് റിവൈവല്‍ പദ്ധതി, വിവിധ പലിശ സബ്‌സിഡി ലഭ്യമാകുന്ന പദ്ധതികള്‍ക്ക് അപേക്ഷിക്കുന്നതിനുള്ള പ്രത്യേകം കൗണ്ടറുകളും മേളയിലുണ്ട്. ‘കെ സ്വിഫ്റ്റ്’ വഴി ലൈസന്‍സ് ലഭിക്കുന്നതിന് അപേക്ഷിക്കാനുള്ള പ്രത്യേകം കൗണ്ടറുകളും സജ്ജമാണ്. പുതുതായി സംരംഭം തുടങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്കും നിലവിലുള്ള സംരംഭകര്‍ക്കും സംശയ നിവാരണത്തിനായി എം.എസ്.എം.ഇ ക്ലിനിക്കുകളും പ്രവര്‍ത്തിക്കുന്നു. ജില്ലാ വ്യവസായ കേന്ദ്രത്തിലെ ജനറല്‍ മാനേജര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ സേവനം ഓരോ ദിവസവും രാവിലെ 9.30 മുതല്‍ മേള അവസാനിക്കുന്നതുവരെ ബി ടു ബിയില്‍ ഉണ്ടാകും. ബി ടു ബിയില്‍ കനറാ ബാങ്കിന്റെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും പ്രത്യേക കൗണ്ടറുകളും പ്രവര്‍ത്തിക്കും. ജില്ലയില്‍ തുടങ്ങാവുന്ന ഭക്ഷ്യ യൂണിറ്റുകളെ സംബന്ധിച്ചുള്ള പദ്ധതികള്‍ എല്ലാ ദിവസവും അവതരിപ്പിക്കുന്നുതിനായി ജില്ലാ റിസോഴ്‌സ് പേഴ്‌സണ്‍മാരുടെ സേവനവും ലഭ്യമാണ്. പാല്‍-പാല്‍ ഉത്പ്പന്നങ്ങള്‍, തേന്‍, കരകൗശല വസ്തുക്കള്‍, വസ്ത്രങ്ങള്‍, കുടുംബശ്രീ ഉത്പ്പന്നങ്ങള്‍ കരാറടിസ്ഥാനത്തില്‍ ദീര്‍ഘകാല വിപണനം ഒരുക്കുന്നതിന് കേരളത്തിനകത്തും പുറത്തുമുള്ള കയറ്റുമതി കച്ചവടക്കാരും പ്രാദേശിക കച്ചവടക്കാരും ബി ടു ബിയില്‍ എത്തിചേരുന്നു. ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനികള്‍, എസ്.എച്ച്.ജി, എന്‍.ജി.ഒ, വ്യക്തികള്‍, സഹകരണ സംഘങ്ങള്‍ തുടങ്ങിയവര്‍ക്കെല്ലാം റിസോഴ്‌സ് പേഴ്‌സണ്‍മാരുടെ സേവനം ബി ടു ബിയില്‍ ലഭ്യമാകും. ബി ടു ബിയിലൂടെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സാധനങ്ങള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും താല്‍പര്യമുള്ള ബയേഴ്‌സിനും സെല്ലേഴ്‌സിനും 9188127012 എന്ന നമ്പറില്‍ വാട്‌സ്പ് സന്ദേശം അയയ്ക്കാം.