പോളിടെക്‌നിക്ക് പഠിക്കേണ്ട.. എന്റെ കേരളം യുവതയുടെ കേരളത്തില്‍ യന്ത്രങ്ങളുടെയും റോബോട്ടുകളുടെയും ലോകം പരിചയപ്പെടാം. വാഹനത്തിന്റെ തുറന്ന ഗിയര്‍ ബോക്‌സ് മുതല്‍ റോബോട്ടുകളുടെ തലച്ചോറുവരെയും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മാറുന്ന കാലത്തില്‍ മുന്നേറുന്ന സാങ്കേതിക വിദ്യ സാധാരണ ജനങ്ങള്‍ക്കുവേണ്ടിയും പരിചയപ്പെടുത്തുകയാണ് എന്റെ കേരളത്തിലെ ടെക്‌നോ സോണ്‍. വയനാട് ഗവ. എഞ്ചിനീയറിങ്ങ് കോളേജാണ് ഇവിടെ ടെക്‌നോ സോണ്‍ വിഭാവനം ചെയ്തത്. കോളേജിലെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാളുകളും ഒപ്പം കോളജ് ക്ലബ്ബുകളായ ജി – ബോട്ട്, ഡ്രോണ്‍ ക്ലബ് എന്നിവയുടെ സ്റ്റാളുകളും ഇവിടെ സജീവമാണ്. പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ സാങ്കേതിക വിദ്യയില്‍ വന്ന മാറ്റങ്ങളെ അടുത്തറിയാന്‍ സഹായിക്കുന്ന തരത്തിലാണ് ഈ ടെക് സ്റ്റാളുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

ദേശീയ ഹാക്കത്തോണില്‍ കോളജിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത് മൂന്നാം സ്ഥാനം നേടിയ ക്ലൗഡ് സോഴ്‌സിന്റെ സഹായത്താല്‍ വികസിപ്പിച്ചെടുത്ത ദുരന്ത നിവാരണ സംവിധാനവും, ജി- ബോട്ട്, ഡ്രോണ്‍ ക്ലബ്ബുകളിലെ വിദ്യാര്‍ഥികള്‍ നിര്‍മ്മിച്ച ലൈന്‍ ഫോളോവര്‍ റോബോട്ട്, റോബോട്ടിക് ആം, ഒബ്സ്സ്റ്റക്കിള്‍ അവോയ്ഡിങ് റോബോട്ട്, അണ്ടര്‍ വാട്ടര്‍ ഡ്രോണ്‍, ഏരിയല്‍ ഡ്രോണ്‍ തുടങ്ങിയ പലതരത്തിലുള്ള റോബോട്ടുകള്‍ ജനശ്രദ്ധ നേടി. ഇലക്ട്രോണിക്‌സ് വിഭാഗം അദ്ധ്യാപകന്‍ പ്രൊഫ. അനസിന്റെ നേതൃത്വത്തിലാണ് സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുന്നത്.

സാങ്കേതിക വിദ്യാഭ്യാസ രംഗത്തിലെ വിവിധ സാദ്ധ്യതകള്‍ മനസിലാക്കാന്‍ ഈ ടെക് സ്റ്റാള്‍ വഴി സാധിക്കും. പക്ഷികളെ പോലെ ആകാശത്ത് വട്ടമിട്ട് പറക്കുന്ന ഡ്രോണുകള്‍. ഇത് ഡ്രോണുകളുടെ കാലമാണ്. ചെറുതും വലുതുമായി അനേകം ഡ്രോണുകള്‍. മരുന്നുപെട്ടി മുതല്‍ ആളുകളെ ലിഫ്റ്റ് ചെയ്യാന്‍ വരെയും വലുപ്പമുള്ള ഡ്രോണുകള്‍ ലോകം കീഴടക്കുന്നു. ഡ്രോണുകളെക്കുറിച്ച് അറിയേണ്ടതെല്ലാം അറിയാനും വേണമെങ്കില്‍ ഡ്രോണ്‍ പറത്താനും ഇവിടെ പഠിപ്പിക്കും.

ഡ്രോണ്‍ നിര്‍മ്മിക്കാന്‍ താല്‍പ്പര്യമുണ്ടോ അതിനും എന്റെ കേരളത്തില്‍ വേദിയുണ്ട്. വയനാട് എഞ്ചിനീയറിങ്ങ് കേളേജാണ് സാങ്കേതികതയുടെ വിശാലമായ ലോകത്തേക്ക് ഏവരെയും സ്വഗാതം ചെയ്യുന്നു. ഡ്രോണ്‍ പറത്താനും നിര്‍മ്മിക്കാനും കമ്പ്യൂട്ടറുമായി ഡ്രോണിനെ കണക്ട് ചെയ്യാനും ഇവിടെ പരിശീലനം നല്‍കുന്നു. പുതിയ സാധ്യതകളില്‍ പുതിയ സാങ്കേതിക തലങ്ങളും ഇവിടെ നിന്നറിയാം. എട്ട് സെര്‍വോ മോട്ടോറുകള്‍ ഉപയോഗിച്ച് നിയന്ത്രിക്കാന്‍ കഴിയുന്ന ചതുരാകൃതിയിലുള്ള റോബോട്ടാണ് സ്‌പോട്ട് ഡോഗ്. കാലുകളുടെ ചലനം നിയന്ത്രിക്കാന്‍ സെര്‍വോ മോട്ടോറുകളാണ് ഉപയോഗിക്കുന്നത്. ഇത് റോബോട്ടിനെ നടക്കാനും തിരിയാനും മറ്റു തന്ത്രങ്ങള്‍ മെനയാനും അനുവദിക്കുന്നു. ഇതെല്ലാം കാഴ്ചക്കാര്‍ക്ക് കൗതുകമാണ്. റെയില്‍ വേ ട്രാക്ക് വിള്ളല്‍ കണ്ടെത്താനും മറ്റും അള്‍ട്രോസോണിക് സെന്‍സര്‍ ഉപയോഗിക്കുന്നു. മാര്‍സ് റോവര്‍ പ്രവര്‍ത്തനങ്ങളും ഇവിടെ വിശദീകരിക്കുന്നു.

പോളിടെക്‌നിക്കിന്റെ വോയിസ് കണ്‍ട്രോള്‍ കാര്‍, ആര്‍.സി.കാര്‍, ലൈന്‍ ഫോളോവര്‍, വാട്ടര്‍ ലെവല്‍ മോണിറ്ററിങ്ങ് ഐ.ഒ.ടി എന്നിവയും പരിചയപ്പെടുത്തുന്നു.
മാനന്തവാടി ഗവ. എന്‍ജിനീയറിങ്ങ് കോളേജിലെ ഡ്രോണ്‍ ക്ലബ്ബാണ് പറക്കും യന്ത്രങ്ങളെക്കുറിച്ച് ശില്‍പ്പശാല നടത്തിയത്. ഒരു ദിവസം നീണ്ട ഡ്രോണ്‍ വര്‍ക്ക് ഷോപ്പില്‍ നിരവധി പേര്‍ പങ്കെടുത്തു. ഡ്രാണ്‍ ഷോയും നടത്തി. ഡ്രോണിന്റെ ചടുലനീക്കങ്ങള്‍ കാഴ്ച്ചകാര്‍ക്കും പുതിയ അനുഭവമായി. പ്രൊഫ. പ്രതീപ് കെ ഭരതന്റെ നേതൃത്വത്തിലാണ് ഡ്രോണ്‍ ക്ലബ് കോളേജില്‍ പ്രവര്‍ത്തിക്കുന്നത്. ഡ്രോണ്‍ ക്ലബ് വിദ്യാര്‍ത്ഥി പ്രതിനിധികളായ നിഖില്‍ ശ്രീനിവാസന്‍, സുഫിയാന്‍, ഷാഹിര്‍, നവീന്‍, ഷാരീക്, റിഫ്ഡാന്‍, നിഖില്‍, ഗോകുള്‍, അതുള്‍, ഐറിന്‍ എന്നിവര്‍ വര്‍ക്ക്‌ഷോപ്പ് നയിച്ചു.