ജില്ലയില്‍ ചൂട് വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കുലുക്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് തണ്ണീര്‍പന്തല്‍ സ്ഥാപിച്ചു. പഞ്ചായത്ത് പരിധിയില്‍ തിരക്കുള്ള മുളയങ്കാവ് സെന്ററിലാണ് തണ്ണീര്‍പന്തല്‍ സ്ഥാപിച്ചത്. ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നിര്‍ദേശമനുസരിച്ച് 16-ാം വാര്‍ഡ് മെമ്പറായ വേണുഗോപാലിന്റെ നേതൃത്വത്തിലാണ് തണ്ണീര്‍പന്തല്‍ സജ്ജീകരിച്ചത്. തണുത്ത ശുദ്ധജലം, സംഭാരം, നന്നാരി ഇട്ട കുടിവെള്ളം എന്നിവയാണ് തണ്ണീര്‍പന്തലില്‍ നിന്നും പൊതുജനങ്ങള്‍ക്ക് ലഭ്യമാകുക. അതോടൊപ്പം ചൂടില്‍ വലഞ്ഞ് എത്തുന്നവര്‍ക്ക് ഇരിപ്പിടവും തണ്ണീര്‍പന്തലില്‍ ഒരുക്കിയിട്ടുണ്ട്.

ദിവസേനെ തണ്ണീര്‍പന്തലില്‍ ശുദ്ധജലം ലഭ്യമാക്കുന്നതിനായി ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള ഒരാളെയും ഏര്‍പ്പാടാക്കിയിട്ടുണ്ട്. തണ്ണീര്‍പന്തലിന്റെ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ വേണുഗോപാല്‍ നിര്‍വഹിച്ചു. കുലുക്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രഡിഡന്റ് വി. രമണി, വൈസ് പ്രസിഡന്റ് ടി.കെ ഇസഹാക്ക്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബഷീര്‍, ഗ്രാമ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് എം.എം വിനോദ് കുമാര്‍, ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് എന്‍. ഗോപകുമാര്‍ എന്നിവര്‍ തണ്ണീര്‍പന്തല്‍ സന്ദര്‍ശിച്ചു.