വടക്കെ ബസ് സ്റ്റാന്റിന് സുരക്ഷാകവചമായി ഒരുക്കിയ മേൽ നടപ്പാത തൃശൂർ പൂര സമ്മാനമായി റവന്യു മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിച്ചു. രാജ്യത്തെ മൂന്ന് മുൻസിപ്പാലിറ്റികൾക്ക് മാത്രം ലഭ്യമായിട്ടുള്ള ലേണിങ് സിറ്റി എന്ന അംഗീകാരം ലഭിച്ച തൃശൂർ കോർപ്പറേഷനെ മന്ത്രി ചടങ്ങിൽ അഭിനന്ദിച്ചു. കൂടാതെ തൃശൂർ ലോകോത്തര നിലവാരത്തിലേക്ക് മാറി തുടങ്ങിയെന്നും തൃശൂരിനായി ഒരു ഡിസൈൻ തയ്യാറാക്കി ആധുനിക കാലത്തിലേക്ക് എത്തിക്കാൻ സാധിച്ചാൽ തൃശൂർ എല്ലാ കാലത്തും ലോകോത്തര നിലയിലാവുമെന്നും മന്ത്രി പറഞ്ഞു.

ശതാബ്ദി വർഷത്തിലേക്ക് പോവുന്ന തൃശൂർ കോർപ്പറേഷന്റെ 92 മത് കർമ്മ പദ്ധതിയാണ് മേൽപാത. ഗതാഗതം ക്രമീകരിച്ച് അപകടരഹിതമായ നഗരം ജനങ്ങൾക്ക് ഒരുക്കുന്നതിന്റെ ഭാഗമായാണ് ജില്ലയിലെ പ്രധാന ബസ് സ്റ്റാന്റായ വടക്കേ സ്റ്റാന്റിന് കുറുകെ മേൽപ്പാലം നിർമ്മിച്ചത്. അമൃത് ഫണ്ട് 1.12 കോടി രൂപ ചെലവിലാണ് പണി പൂർത്തീകരിച്ചത്. 32 മീറ്റർ നീളത്തിലും 2.5 മീറ്റർ വീതിയിലുമാണ് നടപ്പാത ഒരുക്കിയിട്ടുള്ളത്. ആധുനിക നഗരങ്ങളിലെ ബസ് ഷെൽട്ടർ നിലവാരത്തിലേക്ക് വടക്കേ ബസ് സ്റ്റാന്റ് ഉയരുമ്പോൾ തൃശൂരിന്റെ മുഖഛായ തന്നെ മാറും.

ഉദ്ഘാടന ചടങ്ങിൽ സൂപ്രണ്ടിംഗ് എഞ്ചിനിയർ ഷൈബി ജോർജിനെ റവന്യൂ മന്ത്രിയും പി ബാലചന്ദ്രൻ എംഎൽഎയും ചേർന്ന് പൊന്നാടയും മൊമൻ്റോയും നൽകി ആദരിച്ചു. ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജ മുഖ്യാതിഥിയായി. കോർപ്പറേഷൻ മേയർ എം കെ വർഗ്ഗീസ് അദ്ധ്യക്ഷനായി. ഡെപ്യൂട്ടി മേയർ എം എൽ റോസി, കോർപ്പറേഷൻ കൗൺസിലർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.