വിദ്യാഭ്യാസത്തിന് പരിമിതികളെല്ലാം പഴയകഥയാവും. ഉള്‍ച്ചേരല്‍ വിദ്യാഭ്യാസത്തിലൂടെ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് വഴികാട്ടിയാവുകയാണ് ബ്ലോക്ക് റിസോഴ്‌സ് കേന്ദ്രങ്ങളിലൂടെ പൊതുവിദ്യാഭ്യാസ വകുപ്പ്. എന്റെ കേരളത്തിലെ ബി.ആര്‍.സി സ്റ്റാളിലൂടെ പൊതുജനങ്ങള്‍ക്ക് ഭിന്നശേഷി കുട്ടികള്‍ക്കായുള്ള പഠന സംവിധാനങ്ങള്‍ നേരിട്ടറിയാം. കാഴ്ച പരിമിതിയുള്ളവര്‍ക്കും അനായാസം തൊട്ടറിയാന്‍ കഴിയുന്ന ബ്രെയിലി ബോര്‍ഡ്, സ്‌റ്റൈലസ്, അബാക്കസ്, ചെസ് ബോര്‍ഡ്, പാമ്പും കോണിയും, ലുഡോ, വെയിറ്റ് കഫ്, ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കായി സ്റ്റാന്‍ഡിങ്ങ് ഫ്രെയിം, ഇലക്ട്രോണിക് വീല്‍ ചെയര്‍ എന്നിവയെല്ലാം ഈ സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ജില്ലയില്‍ വിവിധ ബി.ആര്‍.സിക്ക് കീഴില്‍ അഞ്ഞൂറിലധികം കുട്ടികള്‍ ഈ സൗകര്യങ്ങളില്‍ ഉള്‍ച്ചേരല്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്. ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകളും പ്രയോജനപ്പെടുത്തിയാണ് ഇതിനെല്ലാം ബി.ആര്‍.സി നേതൃത്വം നല്‍കുന്നത്.

സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാര്‍, തെറാപ്പിസ്റ്റുകള്‍, ഡോക്ടര്‍മാര്‍, കൗണ്‍സിലിങ്ങ് വിദഗ്ദര്‍, തൊഴില്‍ പരിശീലകര്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരെല്ലാം ഉള്‍ചേരല്‍ വിദ്യാഭ്യാസത്തിന്റെ കണ്ണികളാണ്. പൊതുവിദ്യാഭ്യാസ യജ്ഞത്തിലൂടെ മാറുന്ന സര്‍ക്കാര്‍ വിദ്യാലയങ്ങളെയാണ് ഈ സ്റ്റാളില്‍ പരിചയപ്പെടുത്തുന്നത്.