വയനാടിന്റെ പ്രത്യേക ബ്രാന്‍ഡുകള്‍ അണിനിരന്ന എന്റെ കേരളം വേദി പുതുമയുള്ളതായി. വയനാടന്‍ കാപ്പി, ചായ, മഞ്ഞള്‍, അരി, കുരുമുളക് തുടങ്ങി പേര് കേട്ട വയനാടന്‍ ഉത്പന്നങ്ങളും സുഗന്ധദ്രവ്യങ്ങളുമെല്ലാം ബ്രാന്‍ഡ് ചെയ്ത് എന്റെ കേരളം വേദിയിലെത്തിക്കുന്നു. കടല്‍ കടന്നും വേറിട്ട രുചിയുടെ ആവി പറത്തുന്ന വയനാടന്‍ കാപ്പിയും സ്റ്റാളിലുണ്ട്. തനത് രുചിയുടെ കാപ്പി ബ്രഹ്മഗിരി കോഫിയാണ് ഇവിടെ കിയോസ്‌ക് വഴി ലഭ്യമാക്കുന്നത്.

വയനാടന്‍ കാപ്പി ബ്രാന്‍ഡ് ചെയ്ത് ഇതിനകം ശ്രദ്ധേയമായ മുന്നേറ്റം നടത്തിയ സംരംഭകരെയും ഇവിടെ പരിചയപ്പെടാം. സ്വാഭാവികമായ കാലാവസ്ഥയില്‍ വളരുന്ന കാപ്പിയുടെ സംസ്‌കരണം മുതല്‍ വിപണനം വരെ ശാസ്ത്രീയമായ രീതിയില്‍ പിന്തുടരുന്ന വനിതാ സംരംഭകരും മേളയിലുണ്ട്. കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ വയനാട് ജില്ലയിലെ വിവിധ സംരംഭകരെ കോര്‍ത്തിണക്കി ഒരു കുടക്കീഴില്‍ ഇവരുടെ ഉത്പന്നങ്ങള്‍ മേളയില്‍ പരിചയപ്പെടുത്തുന്നുണ്ട്.

വിവിധയിനം മുല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ ഈ സ്റ്റാളില്‍ ലഭ്യമാണ്. ഭക്ഷ്യോത്പന്നങ്ങള്‍ മുതല്‍ കരകൗശല ഉത്പന്നങ്ങള്‍ വരെയും ഇവിടെ നിന്നും ലഭ്യമാകും. പാഷന്‍ ഫ്രൂട്ടില്‍ നിന്നുള്ള വിവിധ തരം സ്‌ക്വോഷുകള്‍, ജാമുകള്‍ തുടങ്ങി അച്ചാര്‍ വരെയും മറ്റൊരു സ്റ്റാള്‍ പരിചയപ്പെടുത്തുന്നു. ഇറക്കുമതി ചെയ്ത ഈന്തപ്പഴം സംസ്‌കരിച്ച് പ്രത്യേകമായി ബ്രാന്‍ഡ് ചെയ്തും മേളയില്‍ എത്തിച്ചിട്ടുണ്ട്. വ്യവസായ കേന്ദ്രത്തന്റെ പിന്തുണയോടെ പുതിയ ജീവിതം കണ്ടെത്തിയ നിരവധി സംരംഭകര്‍ അവരവരുടെ മുന്നേറ്റങ്ങളും മേളയിലൂടെ പങ്കുവെക്കുന്നു.
മുളയില്‍ നിര്‍മ്മിച്ച വിവിധ തരം അലങ്കാര വസ്തുക്കളുടെ വിപുലമായ ശേഖരവും മേളയെ വേറിട്ടതാക്കുന്നു. വ്യത്യസ്തയിനം ലാംബ് ഷെയിഡുകള്‍, ആഭരണങ്ങള്‍, പെയിന്റിങ്ങുകള്‍, മ്യൂറല്‍സ് എന്നിവയെല്ലാം ഈ സ്റ്റാളിന്റെ ആകര്‍ഷകങ്ങളാണ്. കുടുംബശ്രീയുടെ സ്റ്റാളിലും മുളയുത്പന്നങ്ങള്‍ പ്രദര്‍ശനത്തിനും വില്‍പ്പനയ്ക്കുമായി എത്തിച്ചിട്ടുണ്ട്. സൂക്ഷ്മതല സംരംഭങ്ങളുമായി വര്‍ഷങ്ങളായി മുന്നേറുന്നവര്‍ നേരിട്ടാണ് മേളയില്‍ അവരവരുടെ ഉത്പന്നങ്ങളുമായി എത്തിയത്.