ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് സൗജന്യ തെറാപ്പി സൗകര്യമൊരുക്കി നേമം ബ്ലോക്ക് പഞ്ചായത്ത്. ഭിന്നശേഷി കുട്ടികൾക്കായി ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച സെൻട്രലൈസ്ഡ് തെറാപ്പി യൂണിറ്റ് പ്രവർത്തനത്തിന് തയാറെടുക്കുകയാണ്.
അന്തിയൂർകോണത്ത് ഗാന്ധിഗ്രാമം സാംസ്‌കാരികനിലയം പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് തെറാപ്പി സെന്റർ ആരംഭിക്കുന്നത്. 18 വയസിന് താഴെയുള്ളവർക്കാണ് സൗജന്യ തെറാപ്പി നൽകുന്നത്. ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി, ഒക്കുപ്പെഷണൽ തെറാപ്പി തുടങ്ങിയ സേവനങ്ങൾ ഇവിടെ ലഭ്യമാകും. സ്പീച്ച് തെറാപ്പി റൂം, ഫിസിയോതെറാപ്പി റൂം,സെൻസറി റൂം എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്.
മലയിൻകീഴ്, മാറനല്ലൂർ, വിളപ്പിൽ, വിളവൂർക്കൽ, പള്ളിച്ചൽ, ബാലരാമപുരം, കല്ലിയൂർ പഞ്ചായത്തുകളുടെ പരിധിയിലുള്ള ഭിന്നശേഷിക്കുട്ടികൾക്ക് വിവിധ തെറാപ്പികൾ ഒരു കുടക്കീഴിലൊരുക്കുകയാണ് പദ്ധതിയിലൂടെ. ഒന്നിലധികം തെറാപ്പി ആവശ്യമുള്ള കുട്ടികൾക്ക് സൗകര്യപ്രദമായ രീതിയിലായിരിക്കും സെന്ററിന്റെ പ്രവർത്തനം.
സ്വകാര്യ മേഖലയിൽ തെറാപ്പികൾക്കായി ഫീസിനത്തിൽ ഈടാക്കുന്ന തുക സാധാരണക്കാർക്ക് പലപ്പോഴും താങ്ങാവുന്നതിനും അപ്പുറമാണ്. ഇത്തരം പ്രതിസന്ധികൾ തരണം ചെയ്യുന്നതിന് രക്ഷിതാക്കളെ സാഹായിക്കുന്നതിനും കുട്ടികൾക്ക് സമയബന്ധിതമായി ചികിത്സ ഉറപ്പാക്കുന്നതിനുമാണ് പദ്ധതിയിലൂടെ ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. ബഡ്സ് സ്‌കൂളുകൾ കേന്ദ്രീകരിച്ച് നിലവിൽ തെറാപ്പി സേവനങ്ങൾ നൽകി വരുന്നുണ്ട്. കഴിഞ്ഞ വർഷം ജനുവരിയിൽ ആരംഭിച്ച സേവനങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. എന്നാൽ ബഡ്‌സ് സ്‌കൂളുകളിലെ പരിമിതമായ സ്ഥലസൗകര്യങ്ങൾ ചികിത്സ ലഭ്യമാക്കുന്നതിൽ കാലതാമസത്തിന് ഇടയാക്കുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് കേന്ദ്രീകൃത തെറാപ്പി യൂണിറ്റ് എന്ന ആശയം ഉടലെടുക്കുന്നത്. തുടർന്ന് അങ്കണവാടി ടീച്ചർമാരുടെ സഹായത്തോടെ ബ്ലോക്ക് പഞ്ചായത്ത് വിവരശേഖരണം നടത്തി. സ്പീച്ച് തെറാപ്പി ആവശ്യമുള്ള 62 കുട്ടികളേയും ഫിസിയോതെറാപ്പി ആവശ്യമുള്ള 32 കുട്ടികളേയും വിവരശേഖരണത്തിലൂടെ കണ്ടെത്തുകയായിരുന്നു.
കെൽട്രോണിന്റെ സഹകരണത്തോടെ 15 ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് ചികിത്സയുടെ ഭാഗമായി സെൻട്രലൈസ്ഡ് തെറാപ്പി യൂണിറ്റിൽ സജ്ജീകരിച്ചിരിക്കുന്നത്. ജീവനക്കാരുടെ വേതനം ഉൾപ്പെടെ ദൈനംദിന പ്രവർത്തനങ്ങൾക്കായി നേമം ബ്ലോക്ക് പഞ്ചായത്ത് ഒൻപതര ലക്ഷം രൂപയും ഗ്രാമപഞ്ചായത്തുകൾ ഒന്നര ലക്ഷം രൂപ വീതവും വകയിരുത്തിയിട്ടുണ്ട്.