വളയം കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ ആരംഭിക്കുമെന്ന് ആരോഗ്യ – വനിത -ശിശു ക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
സർക്കാറിന്റെ നൂറുദിന കർമ്മപരിപാടികളുടെ ഭാഗമായി വളയം സി.എച്ച്.സി ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയതിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി .

നാദാപുരം താലൂക്ക് ആശുപത്രിയിലെ വിവിധ വികസന പ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിച്ചതായും നിർമ്മാണ പ്രവർത്തനങ്ങൾ ഉൾപ്പടെ പുരോഗമിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചടങ്ങിൽ ഇ.കെ വിജയൻ എം. എൽ. എ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. എ.പി ദിനേശ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. വിവിധ പുരസ്ക്കാരങ്ങൾ നേടിയവരെ ചടങ്ങിൽ ആദരിച്ചു.

തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ അരവിന്ദാക്ഷൻ, വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി പ്രദീഷ്, വൈസ് പ്രസിഡന്റ് പി.ടി നിഷ, തൂണേരി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു പുതിയോട്ടിൽ, വളയം പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ എം.കെ അശോകൻ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നജ്മ യാസർ , വാർഡ് മെമ്പർ വി പി ശശിധരൻ , ആരോഗ്യ കേരളം ജില്ലാ പോഗ്രാം മാനേജർ ഡോ. എ നവീൻ, നവകേരള കർമ്മ പദ്ധതി നോഡൽ ഓഫീസർ ഡോ.സി.കെ ഷാജി, തൂണേരി ബ്ലോക്ക് സെക്രട്ടറി ദേവിക രാജ് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വനജ സ്വാഗതവും വളയം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. റോഷൻ രവീന്ദ്രൻ നന്ദിയും പറഞ്ഞു.