തൊഴിലിടങ്ങൾ കൂടുതൽ സ്ത്രീ സൗഹൃദപരമാകണമെന്ന് ജില്ലാ കലക്ടർ എ . ഗീത. തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന ലൈംഗികാതിക്രമങ്ങൾ തടയൽ നിയമത്തിന്റെ ഭാഗമായി യു എൻ വുമണിന്റെയും ജെൻഡർ പാർക്കിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ത്രിദിന ശില്പശാലയിൽ സംസാരിക്കുകയായിരുന്നു കലക്ടർ. പുത്തൻ സാങ്കേതിക വിദ്യകളെയും തൊഴിലിടങ്ങളിലെ വ്യത്യസ്ത സാഹചര്യങ്ങളെയും കുറിച്ച് സ്ത്രീകൾ ബോധവതികളാവണം. തൊഴിലിടങ്ങളിലുള്ള എല്ലാ വ്യക്തികളുടെയും മാനസികാവസ്ഥകളും പ്രശ്നങ്ങളും മനസ്സിലാക്കി പരിഹാരം കണ്ടെത്താൻ എല്ലാ തൊഴിലാളികളും ശ്രമിക്കണമെന്നും കലക്ടർ പറഞ്ഞു.
പാർക്ക് ഡയറക്ടറായ സബ് കലക്ടർ വി.ചെൽസാസിനി, യു.എൻ വുമൺ ഇന്ത്യയുടെ സീനിയർ കൺസൾട്ടന്റ് അഡ്വ. സൗമ്യഭൗമിക് എന്നിവർ ചടങ്ങിൽ സംസാരിച്ചു. മൂന്നു ദിവസങ്ങളിലായി നടന്ന ബോധവൽക്കരണ ശില്പശാലയിൽ ജില്ലയിൽ നിന്നുള്ള നൂറോളം ഉദ്യോഗസ്ഥർ പങ്കെടുത്തു.