കാടിന്റെ തണലില്‍ മണ്ണിലേക്ക് ആഴ്ന്നിറങ്ങിയ കിഴങ്ങു വര്‍ഗ്ഗങ്ങള്‍. കാട്ടുകിഴങ്ങുകളെന്ന് പേരിട്ടു വിളിച്ചു. കാലങ്ങളോളം കാടിറമ്പങ്ങളുടെ ആരോഗ്യം കാത്തുവെച്ച് ഈ കിഴങ്ങുവര്‍ഗ്ഗങ്ങളെ പരിചയപ്പെടാം. വൈവിധ്യങ്ങളുടെ കുടക്കീഴില്‍ എന്റെ കേരളം പ്രദര്‍ശന മേളയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് തിരുനെല്ലി നൂറാങ്കിന്റെ കിഴങ്ങുപുര.

തിരുനെല്ലി ഇരുമ്പുപാലം കോളനിയില്‍ നിന്നുള്ള ഗോത്ര സമുദായത്തിന്റെ നേതൃത്വത്തിലുള്ള ജെ.എല്‍.ജി നൂറാങ്കയാണ് നൂറോളം കിഴങ്ങുവര്‍ഗ്ഗങ്ങളെ കുടുംബശ്രീയുടെ സ്റ്റാളില്‍ പരിചയപ്പെടുത്തുന്നത്. നാരക്കിഴങ്ങ്, നൂറ, കാട്ടുചേന, തൂണ്‍ കാച്ചില്‍ തുടങ്ങി ഭക്ഷ്യയോഗ്യവും പോഷകദായകവുമായ കിഴങ്ങുകളുടെ ശേഖരം ഇവിടെയുണ്ട്. കാലത്തിന് അന്യമാകുന്ന ഈ കിഴങ്ങുവര്‍ഗ്ഗങ്ങളുടെ സംരക്ഷണവും പ്രചാരണവുമാണ് നൂറാങ്കയിലൂടെ ഈ കൂട്ടായ്മ ലക്ഷ്യമിടുന്നത്. പത്ത് പേരടങ്ങുന്ന നൂറാങ്ക കൂട്ടായ്മ ഈയടുത്താണ് പ്രദര്‍ശന വിപണന മേളകളില്‍ നേരിട്ടെത്തുന്നത്. നാടന്‍ ഭക്ഷ്യ വൈവിധ്യങ്ങളെ വരും കാലത്തിന് പരിചയപ്പെടുത്തുകയെന്ന ഉത്തരവാദിത്തം കൂടിയാണ് ഇവര്‍ നിര്‍വ്വഹിക്കുന്നത്.

ഗോത്ര വിഭാഗത്തിന്റെ ഭക്ഷണ വിഭവങ്ങളില്‍ കിഴങ്ങുകള്‍ക്ക് ഒരു കാലത്ത് വലിയ പ്രാധാന്യമുണ്ടായിരുന്നു. 180 വ്യത്യസ്തങ്ങളായ കിഴങ്ങുവര്‍ഗങ്ങള്‍ നൂറാങ്ക് സംരക്ഷിച്ചു വരുന്നുണ്ട്. കാച്ചില്‍, കൂര്‍ക്ക, ചേമ്പ്, മഞ്ഞള്‍, കൂവ എന്നിവയുടെ വ്യത്യസ്ഥമായ ഇനങ്ങളാണ് കേന്ദ്രത്തിലുള്ളത്. സുഗന്ധ കാച്ചില്‍, പായസ കാച്ചില്‍, കരിന്താള്‍, വെട്ടു ചേമ്പ്, വെള്ള കൂവ, നീല കൂവ , കാച്ചില്‍, ആറാട്ടുപുഴ കണ്ണന്‍ ചേമ്പ്, തൂള്‍ കാച്ചില്‍ അങ്ങനെ വൈവിധ്യമാര്‍ന്ന കിഴങ്ങു ശേഖരങ്ങള്‍ നുറാംങ്കിന്റെ പ്രത്യേകതയാണ്. ഈ വര്‍ഷം മുന്നൂറോളം കിഴങ്ങുകള്‍ സംരക്ഷിക്കുക എന്നുള്ളതാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത് കൂടാതെ വളര്‍ന്നുവരുന്ന ആദിവാസി കുട്ടികള്‍ക്ക് കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ പരിചയപ്പെടുത്തി അവരുടെ ഭക്ഷണത്തിന്റെ ഭാഗമാക്കുക എന്നുള്ളതും ഈ പദ്ധതിയുടെ ലക്ഷ്യമാണ്. കാട്ടിക്കുളം ബാവലി റോഡരികിലായി ഇരുമ്പുപാലം കോളനിയിലാണ് നുറാങ്ക് എന്ന കിഴങ്ങ് സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. വൈവിധ്യമാര്‍ന്ന കിഴങ്ങ് വര്‍ഗങ്ങളുടെ പ്രദര്‍ശനത്തോടൊപ്പം കാട്ടു തേന്‍, ചോമാല, വെളിയന്‍, ഗന്ധകശാല തുടങ്ങിയ അരികളുടെ വില്‍പ്പനയും സ്റ്റാളില്‍ നടക്കുന്നുണ്ട്.കിഴങ്ങ് പഠന പരിരക്ഷണ കേന്ദ്രമായി നുറാംങ്കിനെ മാറ്റുകയാണ് ലക്ഷ്യം.