കണ്ണൂർ കൃഷ്ണ മേനോൻ സ്മാരക ഗവ. വനിതാ കോളേജിലെ നാഷണൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ ‘ലിംസ് ഫോർ ലൈഫ്’ സംഘടിപ്പിക്കുന്ന കൃത്രിമ കാൽ വിതരണ ക്യാമ്പിന്റെ മൂന്നാംഘട്ട ഉദ്ഘാടനം മെയ് രണ്ടിന് രാവിലെ 9.30ന് കോളേജിൽ ഉന്നത വിദ്യാഭ്യാസ-സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു  നിർവഹിക്കും.

അപകടങ്ങളിൽ കാലുകൾ നഷ്ടപ്പെട്ടവർക്കും രോഗം വന്ന് കാലുകൾ മുറിച്ചുമാറ്റപ്പെട്ടവർക്കും ആശ്രയം കൃത്രിമ കാലുകളാണ്. മുൻ വർഷങ്ങളിൽ രണ്ടുതവണയായി വനിതാ കോളേജിലെ എൻഎസ്എസ് യൂണിറ്റുകൾ ഇത്തരം ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നു. അംഗപരിമിതരായ 50 പേർക്ക് 2018ലും 51 പേർക്ക് 2021ലും കൃത്രിമ കാലുകൾ വിതരണം ചെയ്തിരുന്നു. പൂർണമായും സൗജന്യമായാണ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് ഈ സേവനം ചെയ്തു കൊടുക്കുന്നത്.

പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ കൃത്രിമ കാലിന് പുറമേ പോളിയോ ബാധിച്ച് കാലിന് ശേഷി കുറവുള്ളവർക്ക് നടക്കാൻ സഹായിക്കുന്ന കാലിപ്പാർ വിതരണവും നടക്കുന്നുണ്ട്. 16 പേർ കാലിനും 20 പേർ കാലിപ്പാറിനും ഒരു കൃത്രിമക്കൈക്കും വേണ്ടിയാണ്  രജിസ്റ്റർ ചെയ്തിട്ടുള്ളത്.

10,000 രൂപ മുതൽ 15,000 രൂപ വരെ ചെലവ് വരുന്ന കൃത്രിമക്കാലുകൾ അളവെടുത്ത് നിർമ്മിച്ചാണ് രോഗികൾക്ക് പൂർണമായും സൗജന്യമായി നൽകുന്നത്. എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സോപ്പ്, ഹാൻഡ് വാഷ് തുടങ്ങിയവ നിർമ്മിച്ചാണ് ഇതിനുള്ള ധനം സമാഹരിച്ചത്. അതിനൊപ്പം കോളേജിലെ അധ്യാപകരുടെ സാമ്പത്തിക സഹായവും ലഭിച്ചു. പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ എസ്. ബി പ്രസാദ്, ഡോ. എ.വി സമൃത എന്നിവരാണ്. കോളേജിലെ മുഴുവൻ വിദ്യാർഥിനികളുടെയും അധ്യാപക-അനധ്യാപകരുടെയും സഹകരണം ഉറപ്പുവരുത്തി കൊണ്ടാണ് ഈ മാതൃകാ പദ്ധതി മുന്നോട്ടുപോകുന്നത്.

രാവിലെ 9.30ന് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കെ. വി. സുമേഷ് എം.എൽ.എ അധ്യക്ഷനാവും. രജിസ്റ്റർ ചെയ്ത മുഴുവൻ അംഗപരിമിതർക്കും കൃത്രിമക്കാലും കാലിപ്പറും അന്ന് വിതരണം ചെയ്യും.